Connect with us

Gulf

മാധ്യമപ്രവർത്തനം വ്യക്തിഹത്യയാകരുത്: കാന്തപുരം

Published

|

Last Updated

ദുബൈ |  വ്യക്തിഹത്യയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനത്തെ നിരുത്സാഹപ്പെടുത്തണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സിറാജ് ചെയർമാനുമായ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ പ്രസ്താവിച്ചു. ദുബൈ സിറാജിന്റെ പുതിയ ഓഫീസ്  ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാർമികത മുറുകെപ്പിടിക്കേണ്ട മേഖലയാണ് മാധ്യമപ്രവർത്തനം. ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിൽ വ്യക്തിഹത്യ വ്യാപകമായ കാലഘട്ടമാണിത്. മാന്യതക്ക് നിരക്കാത്ത വാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും വ്യക്തിഹത്യ നടക്കുന്നു. അസത്യവും അർധസത്യവുമായ വാർത്തകൾ അടിസ്ഥാനമാക്കി മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള വ്യക്തികളുടെ അഭിമാനത്തെ ഹനിക്കുന്നു. ഈ പ്രവണത മാധ്യമരംഗത്ത് വർധിച്ചുവന്നിരിക്കുന്നു.

സമൂഹത്തിലെ ഏതൊരു വ്യക്തിക്കും അഭിമാനമുണ്ട്. അത് ഒരാളും മുറിപ്പെടുത്താൻ പാടില്ല. അസത്യങ്ങളും അപവാദങ്ങളും കൊണ്ട് മുറിപ്പെടുത്തിയ അഭിമാനം തിരിച്ചുനൽകാൻ ഒരാൾക്കും കഴിയില്ല, കാന്തപുരം ഓർമപ്പെടുത്തി.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിറാജ് പത്രപ്രവർത്തനത്തിൽ പിന്തുടരുന്നത് ഈ ധാർമികതയാണ്. സത്യം മാത്രം പ്രസിദ്ധപ്പെടുത്തുക. മനുഷ്യരുടെ അധമ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വാർത്തകളും വിശകലനങ്ങളും കൊണ്ടുവരാതിരിക്കുക. ഇതാണ് സിറാജ് പിന്തുടരുന്ന നയം. യു എ ഇയിൽ സിറാജിന്റെ വളർച്ചയിൽ പങ്കാളികളായ അഭ്യുദയകാംക്ഷികൾ, പരസ്യദാതാക്കൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്ക് കാന്തപുരം നന്ദി പറഞ്ഞു.