Connect with us

International

അല്‍ഖോബാര്‍ ടവര്‍ ഭീകരാക്രമണം: ഇരകള്‍ക്ക് ഇറാന്‍ 87 കോടി 90 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍ | പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ സഊദിയിലെ അല്‍ഖോബാര്‍ ടവറില്‍ 1996 ല്‍ ബോംബാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് യു എസ്. ഇരകള്‍ക്ക് ഇറാന്‍ 87 കോടി 90 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും യു എസ് ഫെഡറല്‍ കോടതി ഉത്തരവിട്ടു. കിഴക്കന്‍ പ്രവിശ്യയിലെ നഗരമായ അല്‍ഖോബാറിലേ അബ്ദുല്‍ അസീസ് എയര്‍ ബേസിന്റെയും സഊദി അറാംക്കോയുടെയും ആസ്ഥാനമായ ഖോബാര്‍ ടവേഴ്സില്‍ 1996 ജൂണ്‍ 25 നാണ് ആക്രമണം നടന്നത്. ഓപ്പറേഷന്‍ സതേണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സൈനികരാണ് ഇവിടെ താമസിച്ചിരുന്നത്. എട്ട് നിലകളുള്ള കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ബോംബ് നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 19 യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സഊദി പൗരനും കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 498 പേര്‍ക്ക് പരുക്കേറ്റു.

ഹിസ്ബുല്ല ഭീകരര്‍ക്ക് ഇറാന്‍ സഹായം നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ ലബനാനില്‍ നിന്നാണ് അക്രമികള്‍ കൊണ്ടുവന്നതെന്നും പിടികൂടിയ പ്രതികള്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, ഇറാനിയന്‍ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്, ഇറാനിയന്‍ രഹസ്യാന്വേഷണ സേന, സുരക്ഷാ മന്ത്രാലയം എന്നിവയില്‍ പെട്ടവരാണെന്നുമാണ് അമേരിക്കയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തിനില്‍ മരിച്ചവര്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറിയുടെ 4404-ാമത്തെ എയര്‍ലിഫ്റ്റ് വിംഗില്‍ ജോലി ചെയ്യുന്നവരായിരുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനായി അമേരിക്ക 50 ലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആക്രമണം നടന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഖോബാര്‍ ടവറില്‍ ഇറാന്‍ ചെയ്ത തിന്മയെ ലോകം ഓര്‍ക്കണമെന്നും ബോംബാക്രമണത്തില്‍ സാരമായി പരുക്കേറ്റ റിട്ടയേഡ് എയര്‍ഫോഴ്‌സ് സ്റ്റാഫ് സര്‍ജന്റ് ക്രൂ ചീഫ് ഗ്ലെന്‍ ക്രിസ്റ്റി പറഞ്ഞു.

Latest