Connect with us

Kerala

മഹാമാരിയുടെ കാലത്ത് ജനങ്ങളെ തെരുവിലിറക്കുന്നത് ഗൂഢാലോചന; യു ഡി എഫിനും ബി ജെ പിക്കുമെതിരെ മന്ത്രി ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും ജനങ്ങളെ തെരുവിലിറക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ കെ ബാലന്‍. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നതെങ്കില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന് സാധിക്കാതെ വരുമെന്നും അങ്ങനെ വന്നാല്‍, അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കു തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്ത നിവാരണ അതോറിറ്റി നിയമത്തിനും എതിരായ നടപടികളാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. മഹാമാരിയുടെ കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനുള്ള ഈ പ്രത്യക്ഷമായ ഇടപെടലും പ്രേരണയും രാജ്യദ്രോഹമാണ്. ഇത്തരം രീതികള്‍ ജനങ്ങള്‍ തള്ളിക്കളയണം- എ കെ ബാലന്‍ പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് ദുരൂഹമാണ്. ഇത്തരം കേസുകളില്‍ എന്‍ ഐ എ അല്ല, സി ബി ഐ ആണ് അന്വേഷണം നടത്തേണ്ടതെന്ന മുല്ലപ്പള്ളിയുടെ വാദം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ പി സി സി വ്യക്തമാക്കണം. എന്‍ ഐ എ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാറിന് യാതൊരു ഭയവുമില്ല, ആശങ്കയുമില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജന്‍സിക്കും പൂര്‍ണമായ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാമര്‍ശ വിധേയമായ പ്രതികളെല്ലാം തന്നെ കോണ്‍ഗ്രസുമായും ബി ജെ പിയുമായും ബന്ധമുള്ളവരാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളുടെ പേരും ഇതുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest