Covid19
പൂന്തുറയിൽ സ്ഥിതി ഗുരുതരം, സൗകര്യം കൂട്ടും; പ്രതിഷേധം ആസൂത്രിതമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറാം തീയതി മുതൽ നടന്ന പരിശോധനയിൽ 243 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. പ്രായം ചെന്ന 5,000ൽ അധികം പേർ പ്രദേശത്ത് ഉണ്ട്. അതിൽ 2,000പേർ 70 വയസ്സിന് മുകളിൽ ഉള്ളവരാണ്. ഇത്രയധികം ജനങ്ങളെ വൈറസിൽ നിന്ന് രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാർഗമില്ല. ആരോഗ്യ മന്ത്രി പറഞ്ഞു
രോഗവ്യാപന തോത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും പൂന്തുറയിലുണ്ട്. പോലീസിനും ആരോഗ്യ വകുപ്പ് അധികൃതർക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവർത്തകരുടേയും സേവനം തേടിയിട്ടുണ്ട്. ആന്റിജൻ പരിശോധനക്ക് എതിരെ പൂന്തുറയിൽ പ്രചാരണം ഉണ്ടായി. ആരാണ് ഇന്നത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് എന്നറിയില്ല. അവശ്യ സാധനങ്ങളും ചികിത്സയുമുൾപ്പെടെ സൗകര്യങ്ങളെല്ലാം പൂന്തുറയിൽ ഒരുക്കാൻ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.