Connect with us

Editorial

പാഠ്യപദ്ധതിയില്‍ വീണ്ടും കാവിവത്കരണം

Published

|

Last Updated

രാജ്യം കൊവിഡ് ഭീതിയിലൂടെ കടന്നു പോകുമ്പോഴും കേന്ദ്ര സര്‍ക്കാറിന് കാവിവത്കരണം അടിച്ചേല്‍പ്പിക്കുന്നതിലാണ് ആലോചന. ലോക്ക്ഡൗണ്‍ കാരണം ഈ അധ്യയന വര്‍ഷത്തെ പഠന ദിനങ്ങള്‍ നഷ്ടമായത് കണക്കിലെടുത്തെന്ന വ്യാജേനയാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സി ബി എസ് ഇയുടെ സിലബസില്‍ കഴിഞ്ഞ ദിവസം 30 ശതമാനം വെട്ടിക്കുറവ് പ്രഖ്യാപിച്ചത്. 2020-21 അധ്യയന വര്‍ഷത്തെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് വെട്ടിക്കുറവ് വരുത്തുന്നത്. എന്നാല്‍, പാഠഭാരം ലഘൂകരിക്കുക എന്നതിനപ്പുറം ഈ നടപടിക്കു പിന്നില്‍ ബി ജെ പിയുടെ ഒളി അജന്‍ഡകള്‍ കൂടിയുണ്ടെന്ന് ഒഴിവാക്കിയ അധ്യായങ്ങളിലൂടെ കണ്ണോടിച്ചാല്‍ ബോധ്യമാകും.

മതനിരപേക്ഷത, ദേശീയത, ഫെഡറലിസം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജനാധിപത്യവും നാനാത്വവും, ഇന്ത്യന്‍ ഭരണഘടനയുടെ സ്വഭാവം, ഭക്ഷ്യസുരക്ഷ, മതം, ജാതി, ജനാധിപത്യത്തിനു നേരേയുള്ള വെല്ലുവിളികള്‍, അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളാണ് ഒഴിവാക്കുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കളായ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ആശയാദര്‍ശങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ഇവയില്‍ പലതും. ഇന്ത്യന്‍ ഭരണഘടനയില്‍ തീരെ വിശ്വാസമില്ല സംഘ്പരിവാറിന്. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന തിരുത്തിയെഴുതണമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ മുമ്പേ ആവശ്യപ്പെടുന്നതാണ്. അടുത്തിടെ ആര്‍ എസ് എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയും, ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അനന്ത് ഹെഗ്‌ഡെയും ഇതാവര്‍ത്തിക്കുകയുണ്ടായി. ഭരണഘടന എഴുതിയത് കോട്ടിട്ട സായിപ്പന്മാരാണെന്നും അത് കത്തിച്ചു കളയണമെന്നുമാണ് പല ബി ജെ പി നേതാക്കന്‍മാരുടെയും അഭിപ്രായം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടു എന്നതാണ് ഭരണഘടനയോടുള്ള അവരുടെ വിരോധത്തിനു കാരണം. രാജ്യത്ത് സെക്കുലര്‍ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം തങ്ങളുടെ ലക്ഷ്യം നടപ്പാകുകയില്ലെന്ന് അവര്‍ക്കു ബോധ്യമുണ്ട്.

മതനിരപേക്ഷതയോട് ഒരു വിധേനയും രാജിയാകാത്തവരാണ് ബി ജെ പി. മതനിരപേക്ഷത എന്ന വാക്കു പോലും അവര്‍ ഉച്ചരിക്കാറില്ല. അത് പറയേണ്ട സന്ദര്‍ഭം വന്നാല്‍ കപട മതേതരത്വം എന്നാണ് പ്രയോഗിക്കാറുള്ളത്. ഫെഡറല്‍ സംവിധാനത്തോടും യോജിപ്പില്ല ഹിന്ദുത്വ ഫാസിസത്തിന്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിടുകയായിരുന്നല്ലോ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നടപ്പാക്കിയ നടപടികളിലൊന്ന്. ഭാഷാസംസ്ഥാന രൂപവത്കരണത്തോട് പോലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ആര്‍ എസ് എസ് ഒരു രാജ്യം, ഒരു നിയമ നിര്‍മാണസഭ, ഒരു എക്‌സിക്യൂട്ടീവ് എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. മേല്‍ചൊന്ന വിഷയങ്ങളൊന്നും വളര്‍ന്നു വരുന്ന തലമുറ അറിയുകയോ പഠിക്കുകയോ വേണ്ടെന്ന കേന്ദ്ര തീരുമാനത്തിന്റെ പിന്നാമ്പുറമിതാണ്.

നരേന്ദ്ര മോദി അധികാരമേറ്റ ഉടനെ തുടങ്ങിയതാണ് വിദ്യാഭ്യാസരംഗം കാവിവത്കരിക്കാനുള്ള നീക്കങ്ങള്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രിമാരെ വിളിച്ചു ചേര്‍ത്ത്, ഹൈന്ദവ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ഏകീകൃതമായ വിദ്യാഭ്യാസ, സാംസ്‌കാരിക നയം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. ആര്‍ എസ് എസ് ഭാരവാഹികളും പങ്കെടുത്തിരുന്നു ഈ മന്ത്രിതല യോഗത്തിലെന്നത് ശ്രദ്ധേയമാണ്. ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്വശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഇന്ത്യ നല്‍കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠന സഹായികളിലും ഉള്‍പ്പെടുത്തണമെന്നുമായിരുന്നു യോഗം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളല്‍ മുഖ്യം. ഹിന്ദുത്വത്തിനും ഹൈന്ദവ സംസ്‌കാരത്തിനും അവര്‍ മുന്നോട്ടു വെക്കുന്ന കപട ദേശീയതക്കും പ്രാമുഖ്യം കൊടുക്കുക, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട (തങ്ങള്‍ക്ക് അനിഷ്ടകരമായ) വിശകലനങ്ങള്‍ തിരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കപ്പെട്ടു. നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എന്‍ സി ഇ ആര്‍ ടി)യില്‍ ബി ജെ പി മുഖപത്രമായ കമല്‍ സന്ദേശിന്റെ മുന്‍ എഡിറ്റര്‍ അംബാചരണ്‍ വസിഷ്ടിനെ ഉപദേശകനായി നിയമിച്ചത്, ചരിത്ര കൗണ്‍സില്‍ മേധാവിയായി തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായ സുദര്‍ശന്‍ റാവു നിയോഗിക്കപ്പെട്ടത്, സംസ്‌കൃതം പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്ന ഉത്തരവ്, ആര്‍ എസ് എസ് സഹയാത്രികനായ ദീനാനാഥ് ബത്രയുടെ ഗ്രന്ഥങ്ങള്‍ ഗുജറാത്തിലെയും മധ്യപ്രദേശിലെയും കുട്ടികള്‍ക്ക് നിര്‍ബന്ധ വായനക്കുള്ള പുസ്തകങ്ങളാക്കിയത് എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന്റെ ഭാഗമായിരുന്നു. ഹൈന്ദവ സനാതന മൂല്യങ്ങള്‍ക്കനുസൃതമായി ചരിത്രത്തെ പുനരവതരിപ്പിക്കുക എന്ന ദൗത്യമാണ് തന്നെ ഏല്‍പ്പിക്കപ്പെട്ടതെന്നാണ് ചരിത്ര കൗണ്‍സില്‍ മേധാവിയായതിനു ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സുദര്‍ശന്‍ റാവു പറഞ്ഞത്. ആഗോള മേഖലയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം കൂടിയേ തീരൂവെന്ന് ലക്‌നോ യൂനിവേഴ്‌സിറ്റിയില്‍ ശിവജിയുടെ സ്ഥാനാരോഹണ ചടങ്ങിന്റെ 342ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെ അന്നത്തെ മാനവ വിഭവ ശേഷി സഹമന്ത്രി റാം ശങ്കര്‍ കതാരിയ തുറന്നു പറയുകയും ചെയ്തിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാര്‍ ദേശീയ പ്രസ്ഥാനത്തെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി എട്ടാം ക്ലാസിലെ സാമൂഹിക പാഠം പുസ്തകം തിരുത്തിയത്. രാജ്യത്ത് ഇനിയൊരു കനയ്യ കുമാര്‍ ജനിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പാഠപുസ്തകം ഒരുക്കുമെന്ന് അതിനു മുന്നേ വിദ്യാഭ്യാസ മന്ത്രി വസുദേവ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഹിന്ദുത്വ രാഷ്ട്രമെന്ന ആര്‍ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതാണ് മതനിരപേക്ഷത, ഫെഡറലിസം, നാനാത്വം തുടങ്ങിയ ആശയങ്ങളെന്നും വിദ്യാഭ്യാസ രംഗവും ചരിത്രവും കാവിവത്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ കാര്യങ്ങള്‍ക്ക് ഗതിവേഗം വര്‍ധിക്കുമെന്നും ആര്‍ എസ് എസ് മനസ്സിലാക്കുന്നു.