Articles
നീതിന്യായ സൂക്ഷ്മതയെവിടെ?

അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ പിതാവ് ടി വി ഈച്ചരവാര്യരെ മലയാളിക്ക് നല്ല പരിചയമുണ്ട്. ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട ഇരുണ്ട നാളുകളിലൊന്നില്‍ കക്കയം പോലീസ് ക്യാമ്പില്‍ ക്രൂര പീഡനത്തിനിരയായതില്‍ പിന്നെ ഈച്ചരവാര്യര്‍ മാത്രമല്ല നമ്മളാരും രാജനെ കണ്ടിട്ടില്ല. പക്ഷേ, ഇതെഴുതുമ്പോഴും മനസ്സിനെ ഉലച്ചുകളയുന്ന കണ്ണീരോര്‍മയായി ഈച്ചരവാര്യരെന്ന വൃദ്ധന്‍ നമ്മുടെ ജനാധിപത്യ മാനവിക ബോധത്തെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാധാരണ നിലയില്‍ ഒരു പൗരനില്ലാത്ത അവകാശങ്ങള്‍ നിയമപാലകര്‍ക്ക് വകവെച്ചു നല്‍കുന്നത് നിയമവാഴ്ച ഉറപ്പുവരുത്താനാണ്. അതിനാല്‍ സാമൂഹിക സ്വാസ്ഥ്യം സാധ്യമാകുന്നുവെങ്കിലും പരിധി വിട്ട പോലീസ് പീഡനങ്ങളുടെയും കസ്റ്റഡി മര്‍ദനങ്ങളുടെയും വര്‍ത്തമാനങ്ങള്‍ ലോക രാജ്യങ്ങളിലാകെ ഉണ്ട്.
അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണാന്ത്യം ഈയിടെ മാത്രം നടന്ന പോലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന മുഖമാണ് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ രാജ്യത്ത് പൊതുവിലും തമിഴ്‌നാട്ടില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമുയരാനിടയായ കസ്റ്റഡി മരണങ്ങളുടെ അണിയറയില്‍ മാറ്റമില്ലാതെ തുടരുന്ന നീതിദീക്ഷയില്ലാത്തതും മനുഷ്യത്വ വിരുദ്ധവുമായ സമീപനങ്ങളെ പരിശോധിക്കാനാണ് ഈ കുറിപ്പ്.
ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളില്‍ മുഖ്യമായതാണ്. പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് പറയുന്നു 22ാം ഭരണഘടനാനുഛേദം. പ്രസ്തുത മൗലികാവകാശത്തിന് പോറലേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മജിസ്‌ട്രേറ്റിനടക്കമുണ്ടെന്ന് അനുഛേദത്തില്‍ നിന്ന് മനസ്സിലാക്കാം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ സാത്താങ്കുളം പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറക്കിരയായി കൊല്ലപ്പെട്ട ജയരാജും മകന്‍ ബെന്നിക്‌സും മജിസ്‌ട്രേറ്റിന്റെ കൃത്യവിലോപത്തിന്റെയും നിരുത്തരവാദ സമീപനത്തിന്റെയും ഇരകള്‍ കൂടിയാണ്. രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മാരക വൈറസുകളായ ചില ന്യായാധിപരെ എന്നേക്കുമായി വീട്ടിലിരുത്തുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ട സമയമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
എഫ് ഐ ആറില്‍ കുറ്റാരോപിതരുടെ കൂട്ടത്തില്‍ പേരുണ്ടെന്ന് കരുതി അറസ്റ്റ് ചെയ്യേണ്ട ബാധ്യത പോലീസിനില്ല. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യേണ്ടതുള്ളൂ എന്നാണ് മാന്‍ഡേറ്റ്. നാഷനല്‍ പോലീസ് കമ്മീഷന്റെ മൂന്നാം റിപ്പോര്‍ട്ടില്‍, രാജ്യത്ത് നടക്കുന്ന അറസ്റ്റുകളില്‍ ഏകദേശം 60 ശതമാനത്തോളം അനാവശ്യമോ നീതീകരിക്കാന്‍ കഴിയാത്തതോ ആണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് ചെയ്യേണ്ടി വരുന്നുള്ളൂ. ഇപ്പോള്‍ വിവാദമായ തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ ഇരകളായ രണ്ട് പേര്‍ക്കുമെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതായി എഫ് ഐ ആറില്‍ ഇല്ല. ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശ ലംഘനം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണം തടസ്സപ്പെടുത്തും വിധം കൈയേറ്റം ചെയ്യല്‍ തുടങ്ങി ഐ പി സി 188, 269, 294(ബി), 353, 506(2) എന്നീ വകുപ്പുകള്‍ക്ക് ചുവടെ ശിക്ഷാര്‍ഹമായ ഇവകളിലൊന്നും ഏഴ് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമല്ലെന്നത് പ്രസ്താവ്യമാണ്. എന്നാല്‍ നിയമ വശങ്ങളോ അറസ്റ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നടപടി ക്രമങ്ങളോ മുഖവിലക്കെടുക്കാതെ കസ്റ്റഡിയിലെടുത്ത് ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു പോലീസ് ചെയ്തത്. അത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പരസ്യമായി അവഹേളിക്കുന്ന നടപടി കൂടിയാണ്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ എണ്ണപ്പെട്ട ശ്രദ്ധേയ നിയമ വ്യവഹാരങ്ങളില്‍ പെടുന്നു ജോഗീന്ദര്‍ സിംഗ്, ഡി കെ ബസു എന്നീ കേസുകള്‍. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും കസ്റ്റഡിയില്‍ കുറ്റാരോപിതന് ലഭിച്ചിരിക്കേണ്ട അവകാശങ്ങളും ഇവ രണ്ടിലും സുപ്രീം കോടതി കൃത്യമായി വിശദീകരിച്ചിരിക്കെ അവയൊക്കെ കാറ്റില്‍ പറത്തിയ ഗുണ്ടാ രാജിന് നിയമപാലകര്‍ തന്നെ കാര്‍മികത്വം വഹിക്കുന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷ തടവ് ശിക്ഷയാണ് നിയമ പുസ്തകത്തില്‍ എഴുതി വെച്ചിരിക്കുന്നതെങ്കില്‍ റിമാന്‍ഡ് അത്യാവശ്യമായ അസാധാരണ സാഹചര്യം എന്തെന്ന് റിമാന്‍ഡ് ഉത്തരവില്‍ മജിസ്‌ട്രേറ്റ് പ്രത്യേകം പരാമര്‍ശിച്ചിരിക്കണം. തൂത്തുക്കുടി സംഭവത്തില്‍ മജിസ്‌ട്രേറ്റിന് പറ്റിയ ഗുരുതര വീഴ്ചകളിലൊന്ന് അവ്വിധമൊരു സാഹചര്യം ഇല്ലാതിരുന്നിട്ടും റിമാന്‍ഡിന് ഉത്തരവിട്ടതും പ്രത്യേക പരാമര്‍ശം നടത്താത്തതുമാണ്. കൂടാതെ കുറ്റാരോപിതരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചാലും ചുമത്തപ്പെട്ട കുറ്റത്തിന്റെ തീവ്രത കണക്കാക്കിയാലും മജിസ്‌ട്രേറ്റിന്റെ നടപടിയെ നിയമ മാനദണ്ഡങ്ങള്‍ക്കകത്ത് ശരിയുടെ വരവില്‍ വെക്കാന്‍ സാധിക്കില്ല. കുറ്റാരോപിതര്‍ക്ക് മുമ്പ് ഒരുവിധ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് കട അടക്കുന്നതില്‍ ഉപേക്ഷ വരുത്തിയതാണ് ആരോപിക്കപ്പെട്ട കുറ്റത്തിന്റെ മര്‍മമെന്നും കാണുമ്പോള്‍ രണ്ട് ജീവനുകളെ വെച്ച് പന്താടാന്‍ പോലീസിന് എറിഞ്ഞു കൊടുത്ത മജിസ്‌ട്രേറ്റ് എന്ത് നീതിയാണ് നടപ്പാക്കിയത് എന്നറിയാന്‍ രാജ്യത്തെ പൗരസമൂഹത്തിന് ജിജ്ഞാസയുണ്ട്.
ജയരാജും ബെന്നിക്‌സും വ്യാപക പരുക്കുകളോടെയാണ് റിമാന്‍ഡിലായത് എന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ചട്ടം (സി ആര്‍ പി സി) അനുസരിച്ച് ആദ്യ തവണ റിമാന്‍ഡ് ചെയ്യുമ്പോള്‍ കുറ്റാരോപിതരെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണം. തുടര്‍ന്നും റിമാന്‍ഡ് നീട്ടേണ്ട വേളകളില്‍ മാത്രമേ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്‌ട്രേറ്റ് സമക്ഷം ഹാജരാക്കുന്നത് അനുവദിക്കുന്നുള്ളൂ. ഹാജരാക്കുന്ന സമയത്ത് കുറ്റാരോപിതരുടെ ശരീരത്തില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അക്കാര്യം റിമാന്‍ഡ് ഉത്തരവിലും റിമാന്‍ഡ് വാറന്റിലും രേഖപ്പെടുത്തുകയും വേണം. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഇടിയേറ്റ് തളര്‍ന്നവരെ പ്രതി പരാതിയില്ല എന്ന വാചകം ഉത്തരവില്‍ എഴുതിയത് സംശയങ്ങള്‍ക്കിടയാക്കുന്നതാണ്. ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് എഫ് ഐ ആറില്‍ തന്നെ കാണിച്ചിരിക്കെ അതിന് പോലീസ് നല്‍കിയ വര്‍ണനകളെ അപ്പടി വിശ്വസിക്കുകയാണോ മജിസ്‌ട്രേറ്റ് ചെയ്തത്. കട അടച്ച് പോകാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ സ്വമേധയാ ഉരുണ്ടുമറിഞ്ഞ് വീണ് വരുത്തിയ മുറിവെന്നാണ് എഫ് ഐ ആറിലെ പോലീസ് പരാമര്‍ശം!
സുവ്യക്തമായ നടപടി ക്രമങ്ങളില്‍ ഭംഗം വരുത്തിയ, മുറിവിന്റെ സംഭവ്യതയും സ്വഭാവവും സംബന്ധിച്ച പോലീസ് ഭാഷ്യത്തെ അതേപടി അംഗീകരിച്ച മജിസ്‌ട്രേറ്റ്, ക്രൂര പീഡനമേറ്റു വാങ്ങി കൊല്ലപ്പെട്ട പിതാവിനെയും മകനെയും റിമാന്‍ഡിലയക്കുന്നതിന് മുമ്പ് കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ആ ദിശയില്‍ പ്രബലമായ നിരീക്ഷണങ്ങള്‍ ഇതിനകം നിയമ രംഗത്ത് നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്.
കൊവിഡ് 19ന്റെ സവിശേഷ സാഹചര്യത്തില്‍ കോടതികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നേരത്തേ സുപ്രീം കോടതി വിളംബരപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23ന് സുപ്രീം കോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവില്‍ ഏഴ് വര്‍ഷമോ അതില്‍ കുറവോ തടവ് ശിക്ഷ നിദേശിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരെ ജാമ്യത്തില്‍ വിടുന്നത് പരിഗണിക്കണം എന്ന് രാജ്യത്തെ കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സ്ഥിതിവിശേഷം ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ പിന്നെ എങ്ങനെയാണ് നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മജിസ്‌ട്രേറ്റ് റിമാന്‍ഡിന് ഉത്തരവിട്ടത്. അതിലൂടെ നീതിയെ തന്നെ കഴുമരത്തിലേറ്റാന്‍ ഏണി വെച്ചുകൊടുക്കുന്ന ക്രൂരമായ വിരോധാഭാസത്തിനാണ് ന്യായാധിപന്‍ കാര്‍മികത്വം വഹിച്ചിരിക്കുന്നത്.
പോലീസ് ഭാഷ്യത്തിന് കീഴൊപ്പ് ചാര്‍ത്തി നിര്‍വൃതിയടയലല്ല മജിസ്‌ട്രേറ്റിന്റെ ധര്‍മം. കുറ്റവാളിക്ക് പോലും മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ അനുഭവിക്കാന്‍ അവസരമുള്ള സമൂഹത്തില്‍ സംശയാതീതമായി കുറ്റം തെളിയിക്കപ്പെടാത്ത കാലമത്രയും കുറ്റാരോപിതന്‍ കുറ്റവാളിയാകുന്നില്ല. ഭരണഘടനാ ദത്ത അവകാശങ്ങളില്‍ പലതും ലഭിച്ചുകൊണ്ടിരിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്ന നിലയില്‍ വിചാരണത്തടവിലും മറ്റും കഴിയുന്നവരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഭരണഘടനയിലെ നീതിവാക്യങ്ങളുടെ അന്തസ്സത്ത തന്നെ ചോര്‍ന്നു പോകും. ഭരണഘടന ഉറപ്പു നല്‍കുന്നു എന്ന് നാം വിശ്വസിക്കുന്ന സംരക്ഷണം അര്‍ഥരഹിതമാകും. തന്റെ മുമ്പില്‍ ഹാജരാക്കിയ വ്യക്തിയെ നിയമപരമായ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മജിസ്‌ട്രേറ്റിനുണ്ട്. അന്നേരം പതിവ് യാന്ത്രികതയല്ല, നീതിന്യായ സൂക്ഷ്മതയാണ് മജിസ്‌ട്രേറ്റിനെ ഭരിക്കേണ്ടത്. തൂത്തുക്കുടിയില്‍ ഇല്ലാതെ പോയതും അതാണ്.
അഡ്വ. അഷ്‌റഫ് തെച്യാട്