Connect with us

Kerala

പൊന്നാനിയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണായി തുടരും

Published

|

Last Updated

പൊന്നാനി | പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണായി തുടരും. വൈകിട്ട് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. താലൂക്കില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ രോഗ വ്യാപനം 0.4 ശതമാനം മാത്രമാണ്. അതിനാലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കും.

താലൂക്കിലെ രണ്ട് ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടിയതുമാണ് പൊന്നാനി താലൂക്കില്‍ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണമായത്. ഇതോടെ ജില്ലാ ഭരണകൂടവും പോലീസും നടപടികള്‍ കടുപ്പിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെല്ലാം പിടിവീണു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും അടച്ചു. ഓരോ പഞ്ചായത്തിലും നിശ്ചിത എണ്ണം പലചരക്ക്, പച്ചക്കറി–മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി നല്‍കിയത്. യഥാസമയം സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയെങ്കിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതു തടയാനായാതായാണ് വിലയിരുത്തല്‍.

ഓരോ മേഖലയിലെയും നിലവിലെ സ്ഥിതിയും രോഗവ്യാപനം സംബന്ധിച്ച വിവരങ്ങളും ആരോഗ്യ വകുപ്പും പോലീസും ന്ല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്ന തീരുമാനമുണ്ടായത്. ഡോക്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കമുള്ള ഭൂരിഭാഗം പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയതാണ് കൂടുതല്‍ ആശ്വാസമായത്. ഒരാഴ്ച മുമ്പാണ് താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Latest