വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അടുത്താഴ്ച മുതല്‍

Posted on: July 3, 2020 9:14 pm | Last updated: July 4, 2020 at 9:18 am

തിരുവനന്തപുരം | ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ അടുത്താഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങിയതാണ് കിറ്റുകള്‍. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിക്ക് ചെലവ് 81,37,00,000 രൂപ ചെലവു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പാണ് വിതരണത്തിന് നേതൃത്വം വഹിക്കുക. സപ്ലൈകോ മുഖാന്തരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പി ടി എ, എസ് എം സി, മദര്‍ പി ടി എ എന്നിവയുടെ സഹകരണത്തോടെ രക്ഷിതാക്കള്‍ വിതരണം ചെയ്യും. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിതരണം. പ്രധാനാധ്യാപകര്‍ക്കായിരിക്കും സ്‌കൂളുകളിലെ കിറ്റുവിതരണത്തിന്റെ മേല്‍നോട്ട് ചുമതല.