Connect with us

Editorial

‘ഡ്രീം കേരള' സാക്ഷാത്കരിക്കപ്പെടണം

Published

|

Last Updated

ഭാവനാ സമ്പന്നമായ പദ്ധതിയാണ് “ഡ്രീം കേരള”. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസവും അതോടൊപ്പം സംസ്ഥാനത്തിന്റെ വികസനവും കൂടി ലക്ഷ്യമിടുന്നു ഈ പദ്ധതി. വിവിധ മേഖലകളിലെ പ്രൊഫഷനലുകള്‍, അന്താരാഷ്ട്രതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍, വ്യാപാരികള്‍, വ്യവസായ സംരംഭകര്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ വൈദഗ്ധ്യം നേടിയവരുണ്ട് തിരിച്ചെത്തുന്ന പ്രവാസി മലയാളികളില്‍. അവര്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം അവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

കേരളീയ സമൂഹം പ്രതിസന്ധിയിലകപ്പെട്ടപ്പോഴെല്ലാം താങ്ങായി വര്‍ത്തിച്ചവരാണ് പ്രവാസികള്‍. അവരുടെ വിയര്‍പ്പാണ് കേരളം ഇന്നു കൈവരിച്ച അസൂയാര്‍ഹമായ പുരോഗതിയുടെ പിന്നില്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകളാണ് പ്രവാസികള്‍ അര്‍പ്പിച്ചത്. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന്റെ മുഖ്യ കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. 85,000 കോടി രൂപ വരും 2018ലെ സര്‍വേ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന തുക. സംസ്ഥാനത്തെ ബേങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയും. ഇന്നിപ്പോള്‍ പ്രവാസികള്‍ മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചും മറ്റും നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അര്‍ഹമായ നിലയില്‍ അവരെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. ഇതടിസ്ഥാനത്തിലാണ് ഡ്രീം കേരള പദ്ധതിക്ക് രൂപം നല്‍കിയത്. യുവ ഐ എ എസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സമിതിയുടെ വിദഗ്‌ധോപദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കേണ്ടത്. സമയബന്ധിതമായിരിക്കും പദ്ധതി നിര്‍വഹണമെന്നും ഇതിന്റെ നടത്തിപ്പിന് ഡോ. കെ എം എബ്രഹാം ചെയര്‍മാനായ സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ലക്ഷങ്ങളാണ് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കനുസരിച്ച് 1,43,147 പ്രവാസികള്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഇവരില്‍ 52 ശതമാനവും ജോലി നഷ്ടപ്പെട്ടവരാണ്. വരും ദിവസങ്ങളിലായി ലക്ഷങ്ങളാണ് ഇനിയും തിരിച്ചുവരാന്‍ പേര് രജിസ്റ്റര്‍ ചെയ്ത് വിവിധ രാജ്യങ്ങളില്‍ കാത്തിരിക്കുന്നത്. ഗള്‍ഫ് യുദ്ധം, സഊദിയിലെയും ഗള്‍ഫ് നാടുകളിലെയും തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണം തുടങ്ങിയ കാരണങ്ങളാല്‍ മുമ്പും പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയിരുന്നെങ്കിലും അന്നത്തെപോലെയല്ല ഇപ്പോഴത്തെ തിരിച്ചുവരവ്. അന്ന് തിരിച്ചെത്തിയവര്‍ക്ക് പുതിയ വിസകളില്‍ മറ്റു രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമുണ്ടായിരുന്നു. നിരവധി പേര്‍ പുതിയ തൊഴില്‍ മേഖലകൾ കണ്ടെത്തി ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചിട്ടുമുണ്ട്. കൊവിഡാനന്തര ലോകത്തിന്റെ സ്ഥിതി അതല്ല. ഈ പ്രതിസന്ധി ഗള്‍ഫുള്‍പ്പെടെ കേരളീയരുടെ പച്ചത്തുരുത്തുകളായിരുന്ന രാജ്യങ്ങളെ ഒന്നടങ്കം ബാധിച്ച സാഹചര്യത്തില്‍ പുതിയ വിസകളില്‍ തിരിച്ചുപോക്ക് എളുപ്പമല്ല. മാത്രമല്ല, സ്വന്തം ജനതയുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും പ്രാമുഖ്യം നല്‍കുന്ന വിസാ നിയമങ്ങളായിരിക്കും ഇനി വിദേശ രാജ്യങ്ങളിലെല്ലാം വരാനിരിക്കുന്നത്. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നേക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ മടങ്ങിയെത്തിയവര്‍ക്ക് സമീപ വര്‍ഷങ്ങളിലെങ്കിലും നാട്ടിലെ തൊഴില്‍ മേഖലകളെ തന്നെ ആശ്രയിക്കേണ്ടി വരും.

ഡ്രീം കേരളയില്‍ പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം കണ്ടെത്തി അതിനനുസൃതമായ മേഖലകളില്‍ പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി, മടങ്ങിയെത്തിയ പ്രവാസികള്‍ ഏതൊക്കെ മേഖലകളില്‍ ജോലി ചെയ്തുവെന്ന് കൃത്യമായ വിവര ശേഖരണം നടത്തുകയും സംസ്ഥാനത്ത് അതിനു സമാനമായ ജോലി കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ ഇത്രയധികം ജോലി സാധ്യതകളുണ്ടോ നിലവിലെ സാഹചര്യത്തില്‍? ഇല്ലെന്നതാണ് വസ്തുത. പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രവുമല്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ കൂടി സഹകരണം ആവശ്യമാണ്. പ്രവാസികള്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധി അതാത് സംസ്ഥാനങ്ങളുടേത് മാത്രമല്ല, രാജ്യത്തിന്റെ പൊതുവാണ്. രാജ്യത്ത് പ്രവാസികളുടെ പ്രതിവര്‍ഷ സംഭാവന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനത്തിലേറെ വരും. ആപത് ഘട്ടത്തില്‍ അവരെ സഹായിക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നതുമാണ്.

ചെറുകിട വ്യവസായ സംരംഭങ്ങളാണ് പ്രവാസികളുടെ മുമ്പിലുള്ള മറ്റൊരു മാര്‍ഗം. നിയമങ്ങളുടെ നൂലാമാലയും ഉദ്യോഗസ്ഥരുടെ സഹകരണക്കുറവും പലപ്പോഴും ഇത്തരം സംരംഭങ്ങളുടെ മുമ്പില്‍ വലിയൊരു കടമ്പയായി അവശേഷിക്കുന്നു. പ്രവാസിയായ ആന്തൂരിലെ സാജന്റെ അനുഭവം മുമ്പിലുണ്ട്. സാജന്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് നഗരസഭാ അധികൃതര്‍ ചട്ടവിരുദ്ധമായി അനുമതി നിഷേധിച്ചതില്‍ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്. സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങളിലേക്ക് ആളുകള്‍ കടന്നുവരാന്‍ മടിക്കുന്നതിന്റെ മുഖ്യകാരണം അധികൃത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം സമീപനമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ 2016ലെ ആദ്യ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ അബൂദബിയില്‍ വെച്ച് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍നഷ്ട സമാശ്വാസമെന്ന നിലയില്‍ അവരുടെ വേതനം കണക്കാക്കി ആറ് മാസത്തെ ശമ്പളം നല്‍കുമെന്നും പുതിയ ജോലി കണ്ടെത്തുന്നതിന് ജോബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം. കൊവിഡാനന്തര പുനരധിവാസത്തിന്റെ മുന്നോടിയായി ഈ പ്രഖ്യാപനം നടപ്പാക്കാനായാല്‍ പ്രവാസികള്‍ അവരുടെ കുടിയേറ്റ ജീവിതത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയുടെ ഈ വേളയില്‍ അത് വലിയൊരാശ്വാസമാകും.

Latest