Connect with us

Kerala

ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫില്‍ വേണ്ട; നിലപാട് വ്യക്തമാക്കി കാനം

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ വരുന്നതിനോട് സി പി ഐക്ക് യോജിപ്പില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കാനം നയം വ്യക്തമാക്കിയത്. ജോസ് പക്ഷം വരുന്നതു കൊണ്ട് എല്‍ ഡി എഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി വിപുലീകരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് എത്രമാത്രം സ്വാധീനമുണ്ടെന്ന കാര്യം നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലം തെളിയിച്ചിട്ടുള്ളതാണ്. ക്രൈസ്തവ വോട്ടുകളില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ല. ക്രൈസ്തവ വോട്ടുകള്‍ ആര്‍ക്കും കിട്ടും. എല്‍ ഡി എഫിനും കിട്ടും. ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു, പക്ഷേ സ്‌കൂളില്‍നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവില്‍ ജോസ് കെ മാണിയെന്നും നിര്‍ബന്ധിത ടി സി വാങ്ങി വരുന്നവരെ ഇടത് മുന്നണിയില്‍ പ്രവേശിപ്പിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ സി പി ഐക്ക് രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയാണോ എന്ന മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പത്തൊമ്പതും രണ്ടും തമ്മില്‍ എത്രയാണ് വ്യത്യാസം എന്ന മറുചോദ്യമുന്നയിക്കുകയാണ് കാനം ചെയ്തത്.

Latest