Connect with us

Gulf

പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്; 47 പേർ അറസ്റ്റിൽ

Published

|

Last Updated

ദുബൈ | പെൺകുട്ടികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് പലതരം ഓൺലൈൻ തട്ടിപ്പ് നടത്തി വന്ന 20 സംഘങ്ങളിൽ പെട്ട 47 ആഫ്രിക്കക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഓപറേഷൻ ഷാഡോ വഴിയാണ് സംഘത്തെയും മറ്റൊരു കേസിൽ ദമ്പതികളെയും അറസ്റ്റ് ചെയ്തതെന്ന് ദുബൈ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്‌റാഹീം അൽ മൻസൂരി പറഞ്ഞു.

വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി സമൂഹ മാധ്യമങ്ങൾ വഴി വീട്ടുജോലി ആവശ്യമുള്ളവരിൽ നിന്ന് ദമ്പതികൾ പണം തട്ടുകയായിരുന്നു. സി ഐഡി വിഭാഗത്തിന്റെ അക്ഷീണ പ്രയത്‌നവും അന്വേഷണവും മൂലമാണ് സമൂഹത്തിന് തന്നെ ഭീഷണിയായ സംഘത്തെ പിടികൂടാൻ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ പോലീസിന്റെ ഓപ്പറേഷൻ ഷാഡോ ടീം നടത്തിയ ബുദ്ധിപരമായ നീക്കമാണ് ആഫ്രിക്കൻ സംഘത്തെ എളുപ്പത്തിൽ പിടികൂടാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആഫ്രിക്കൻ സംഘം തട്ടിപ്പു നടത്തുന്നതായി ലഭിച്ച വിവരമനുസരിച്ച് ആസൂത്രിതമായി നീക്കം നടത്തുകയായിരുന്നുവെന്ന് സി ഐ ഡി ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് പറഞ്ഞു.

പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ചാറ്റ് ചെയ്തു പ്രലോഭിപ്പിച്ചും ഇമെയിൽ അയച്ചുമായിരുന്നു തട്ടിപ്പ്. ചെന്നാൽ ഫോട്ടോയിൽ കണ്ടതല്ലാത്ത സ്ത്രീകളായിരുന്നു സ്വീകരിച്ചിരുന്നത്. ഇതോടെ താൻ തട്ടിപ്പിനിരയായതായി മനസിലാകുമെങ്കിലും രക്ഷപ്പെടാൻ കഴിയില്ല. തുടർന്ന് ഇരകളെ ഭീഷണിപ്പെടുത്തി പണം, മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ കൈക്കലാക്കും. പെൺകുട്ടികളുടെ കൂടെ മോശമായ രീതിയിൽ ചിത്രങ്ങളും വീഡിയോയുമെടുത്ത ശേഷമാണ് വിലപിടിപ്പുള്ളതല്ലാം ആവശ്യപ്പെടുക. പോലീസിനെയോ മറ്റോ ഇക്കാര്യം അറിയിച്ചാൽ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഭയന്ന് മൊബൈൽ ഫോൺ പാസ് കോഡുകളും ക്രെഡിറ്റ് കാർഡ് സെക്യുരിറ്റി പിന്നുകളും കൈമാറാൻ ഇരകൾ നിർബന്ധിതരാകുന്നു, ബ്രിഗേഡിയർ അൽ ജല്ലാഫ് പറഞ്ഞു.
10 സ്ത്രീകളെയടക്കം 47 ആഫ്രിക്കക്കാരെ നിരീക്ഷണ വിധേയമാക്കിയാണ് ദുബൈയിൽ നിന്നും അയൽ എമിറേറ്റുകളിൽ നിന്നും 20 വ്യത്യസ്ത സംഘത്തെ അറസ്റ്റ് ചെയ്തത്. വാടക ഫ്‌ളാറ്റിൽ നേരിട്ട് ചെന്നായിരുന്നു അറസ്റ്റെന്ന് സി  ഐ  ഡി മേധാവി ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

വീട്ടുജോലിക്കാരെ എത്തിച്ച് നൽകും എന്ന പേരിൽ അറബ് വംശജരായ ദമ്പതികൾ നടത്തിയ ഓൺലൈൻ തട്ടിപ്പിൽ വീണത് 46 പേർ. 3000 ദിർഹമാണ് റിക്രൂട്ടിംഗ് ഫീസായി ഓരോ ആളിൽനിന്ന് കൈക്കലാക്കിയിരുന്നത്. കൊവിഡ് 19 പശ്ചാതലത്തിൽ യു എ ഇയിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നെങ്കിലും തങ്ങൾ വീട്ടുജോലിക്കാരെ എത്തിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. കൊവിഡ് നിയന്ത്രണമുള്ള കാലത്ത് പോലും ജോലിക്കാരെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തുന്നതായി സ്മാർട് പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദുബൈ പോലീസിന്റെ അത്യാധുനിക സാങ്കേതിക സഹായത്തോടെ അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ ദമ്പതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അപരിചിതരുമായി ഓൺലൈനിൽ ബന്ധപ്പെടുമ്പോൾ കൂടുതൽ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

അപരിചിതരുടെ ഇമെയിലുകൾ കൈകാര്യം ചെയ്യുമ്പോഴും നമ്മുടെ വിവരങ്ങൾ ആരാഞ്ഞ് വാട്‌സ്ആപിലൂടെ വരുന്ന ലിങ്കുകൾ തുറക്കുമ്പോഴും ജാഗ്രത പാലിക്കണം. ഇത്തരത്തിൽ സംശയകരമായ എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ദുബൈ പൊലീസിനെ ബന്ധപ്പെടണം.വിദഗ്ധ പരീശീലനം നേടിയവരാണ് ദുബൈ സി ഐ ഡി സംഘം. ഏത് അടിയന്തര ഘട്ടങ്ങളിലും സംഘത്തിന്റെ പ്രവർത്തനം മികവാർന്നതായിരിക്കും. ദുബൈ പോലീസിന്റെ ക്രിമിനൽ ഡാറ്റ അനാലസിസ് സെന്ററിന്റെ പൂർണ പിന്തുണയോടെയാണ് ഇവരുടെ പ്രവർത്തനം. സമൂഹത്തിന് കോട്ടമുണ്ടാക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങളെ ടീം തകർത്തിട്ടുണ്ട്.പഠനങ്ങളിലൂടെ സംശയമുള്ള സ്ഥലങ്ങൾ കണ്ടെത്തി ആദ്യം തന്നെ കുറ്റകൃത്യങ്ങൾ നിർമാർജനം ചെയ്യുകയാണ് കേന്ദ്രത്തിന്റെ രീതി.

Latest