Connect with us

Gulf

സാന്ത്വനമേകി വീണ്ടും ഐ സി എഫ്; ശരീരം തളര്‍ന്ന അണ്ടൂര്‍കോണം സ്വദേശി വ്യാഴാഴ്ച നാടണയും

Published

|

Last Updated

ആസാദ്, ഐ സി എഫ് നേതാക്കള്‍ക്കൊപ്പം ദമാം വിമാനത്താവളത്തില്‍

ദമാം | ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് സംസാരശേഷിയും ഓര്‍മശേഷിയും നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം അണ്ടൂര്‍കോണം സ്വദേശി ആസാദ് ഐ സി എഫിന്റെ കാരുണ്യ ചിറകിലേറി വ്യാഴാഴ്ച നാടണയും. ഹഫര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സഹായിക്കാനാളില്ലാതെ കഴിയുകയായിരുന്നു ആസാദ് . ആസാദിന്റെ ദയനീയ സ്ഥിതി നേരില്‍ കണ്ട സ്വദേശി പൗരനാണ് ത്വായിഫിലുള്ള തന്റെ മലയാളിയായ സുഹൃത്ത് ഖലീല്‍ നഈമിയോട് ആസാദിന്റെ ദയനീയത പങ്കുവച്ചത്. വിവരങ്ങള്‍ കേട്ടറിഞ്ഞ ഖലീല്‍ നഈമിക്ക്, ചികിത്സയില്‍ കഴിയുന്നത് ഇന്ത്യക്കാരനാണെന്ന് ബോധ്യപ്പെടുകയും സഹായിക്കുവാനായി സഊദിയില്‍ ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ മികച്ചു നില്‍ക്കുന്ന ഐ സി എഫിനെ സമീപിക്കുകയുമായിരുന്നു.

ഐ സി എഫ് നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണത്തിന്റെ നിര്‍ദേശ പ്രകാരം ഐ സി എഫ് ഹഫര്‍ ബാത്തിന്‍ സെക്രട്ടറി അയൂബ് സഖാഫിയ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരം അണ്ടൂര്‍കോണം സ്വദേശിയാണെന്ന് അറിയുന്നത്. ഇതേ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുന്ന മലയാളിയായ ധനൂജ ജോബിന്റെ സ്തുത്യര്‍ഹമായ സേവനമാണ് ആസാദിന് ആശുപത്രിയില്‍ തുണയായത്. ലാബ് എന്‍ജിനീയര്‍ ഷൈജു ഷൗക്കത്ത്, ജ്യോതി എന്നിവരുടെ സഹായവും നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന് സഹായകമായി.

കൊവിഡിന്റെ പേരില്‍ രക്തബന്ധങ്ങള്‍ പോലും പ്രവാസിയെ അകറ്റി നിര്‍ത്തുമ്പോള്‍ ആസാദിന് കാരുണ്യത്തിന്റെ ചിറകു വിരിച്ചു കൊടുത്തത് കോഴിക്കോട് കോടഞ്ചേരി സ്വദേശി ഷാജി ജോസാണ്. അദ്ദേഹമാണ് ആസാദിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കിയത്. യാത്രാ രേഖകളും വസ്ത്രങ്ങളും ഹഫറില്‍ നിന്നും വിമാനതാവളത്തിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഹാരിസ് ജൗഹരി, സുല്‍ഫിക്കര്‍ കൊല്ലം എന്നിവരുടെ സഹായത്തോടെ ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയും നല്‍കിയതോടെ ഐ സി എഫ് ചാര്‍ട്ട് ചെയ്ത ഫ്ളൈ നാസിന്റെ എക്സ് വൈ 903 വിമാനത്തില്‍ ബുധനാഴ്ച രാത്രി രാത്രി ഒമ്പതിന് ദമാമില്‍ നിന്നും ആസാദ് യാത്ര തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. നാട്ടിലെത്തുന്ന ആസാദിന് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള തുടര്‍ചികിത്സാ സംവിധാനങ്ങളും ക്വാറന്റൈന്‍ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കും