രാജ്യത്ത് അണ്‍ലോക് 2 ഇന്ന് മുതല്‍; രാത്രി കര്‍ഫ്യൂ തുടരും

Posted on: July 1, 2020 6:11 am | Last updated: July 1, 2020 at 8:24 am

തിരുവനന്തപുരം | കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വലിയ ഇളവ് വരുത്തിയുള്ള അണ്‍ലോക് 2 ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതക്ക് പ്രാധാന്യം നല്‍കിയും ബഫര്‍സോണുകളില്‍ വലിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നുമുള്ള ചില ഇളവുകളാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്.

രണ്ടാംഘട്ട തുറക്കലിനുള്ള കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിച്ച് കൂടുതല്‍ ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തസ്സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ഏര്‍പ്പെടുത്തരുതെന്നാണ് രണ്ടാം ഘട്ട തുറക്കലില്‍ പ്രധാനം. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടഉണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജാഗ്രതാ പോര്‍ട്ടലിലെ രജിസ്ട്രേഷന്‍ വഴിയുളള നിയന്ത്രണം നടപ്പാക്കുന്നത് ഇന്ന് ചേരുന്ന അവലോകനയോഗം ചര്‍ച്ച ചെയ്യും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പരിശീലനകേന്ദ്രങ്ങള്‍ ജൂലായ് 15 മുതല്‍ തുറക്കും. ഇതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ വരും. സ്‌കൂള്‍, കോളജുകള്‍, വിദ്യാഭ്യാസ-പരിശീലനകേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്ര, മെട്രോ റെയില്‍, സിനിമാതിയേറ്റര്‍, ജിം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങള്‍, വലിയ കൂട്ടംചേരലുകള്‍ ഇവയിലൊക്കെയുള്ള നിയന്ത്രണങ്ങള്‍ തുടരും. രാത്രികര്‍ഫ്യൂ തുടരും. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരും. വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. കര്‍ഫ്യൂ ഉറപ്പാക്കാന്‍ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കാം.

ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യസേവനങ്ങള്‍ക്കും സാധങ്ങള്‍ക്കുംവേണ്ടിയല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് രോഗംപടരാന്‍സാധ്യതയുള്ള ബഫര്‍സോണുകള്‍ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം.