മലബാര്‍ സമരവും വായ്‌സി കലാപവും

Posted on: June 30, 2020 4:06 am | Last updated: July 1, 2020 at 6:26 pm

മലബാര്‍ സമര ചരിത്രം വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. അതിന്റെ വര്‍ഗപരവും ദേശീയവുമായ ഉള്ളടക്കത്തെ കുറിച്ച് അജ്ഞത സൃഷ്ടിച്ച് അതൊരു ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിക്കാനാണ് വര്‍ഗീയ വാദികള്‍ ഉത്സാഹിക്കുന്നത്. അതെന്നും അങ്ങനെയായിരുന്നു. മലബാര്‍ സമരത്തെയും ധീര ദേശാഭിമാനി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ഇസ്‌ലാമോഫോബിയ പടര്‍ത്താനായി അപനിര്‍മിച്ചെടുക്കാനാണ് സംഘ്പരിവാറും തീവ്ര വലതുപക്ഷ വിഭാഗങ്ങളും നോക്കുന്നത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ദേശീയ വിപ്ലവകാരികളെയും മലബാര്‍ സമരത്തെയും അതിന്റെ വര്‍ഗപരമായ ഉള്ളടക്കത്തില്‍ നിന്നും സാര്‍വദേശീയ, ദേശീയ പശ്ചാത്തലത്തില്‍ നിന്നുമാണ് വിലയിരുത്തേണ്ടത്. ചരിത്ര സംഭവങ്ങളെയും അതില്‍ ഇടപെട്ട വ്യക്തികളെയും അത് പ്രവര്‍ത്തിച്ച സാഹചര്യങ്ങളില്‍ നിന്നും അതിനെ നിര്‍ണയിച്ച വര്‍ഗ ശക്തികളില്‍ നിന്നും വിലയിരുത്തുക എന്നതാണ് ശരിയായ രീതി.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരോടോപ്പം ചേര്‍ന്നു നിന്ന സവര്‍ണ ജന്മിത്വ വാദികളുമായിരുന്നു സമരത്തെ മാപ്പിള ആക്രമണമായി ചിത്രീകരിച്ചതും അടിച്ചമര്‍ത്തിയതും.
ബ്രിട്ടന്റെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും അധിനിവേശം സൃഷ്ടിച്ച അടിമത്വത്തിനും ജന്മിത്വത്തിന്റെ നൃശംസതകള്‍ക്കും എതിരായ ഉയിര്‍ത്തേഴുന്നേല്‍പ്പായിരുന്നു മലബാര്‍ വിപ്ലവം. ഇസ്‌ലാമിന്റെ ഉത്‌ബോധനങ്ങളാല്‍ പ്രചോദിതരായിരുന്നു ആലി മുസ്‌ലിയാരും വാരിയന്‍കുന്നനുമെല്ലാം. എന്നാല്‍ അവര്‍ ഒരിക്കല്‍ പോലും അപര മതങ്ങളെ ശത്രുതയോടു കൂടി കാണാത്തവരാണെന്ന് ചരിത്ര രേഖകളെല്ലാം വ്യക്തമാക്കുന്നുണ്ട്.
മലബാര്‍ സമരത്തിനു സമാനമായി നാം ചരിത്രത്തില്‍ കാണുന്ന കലാപമാണ് സര്‍ ചക്രവര്‍ത്തിക്കും കുലാക്കുകള്‍ക്കുമെതിരെ ഉയിര്‍ത്തേഴുന്നേറ്റ പഴയ റഷ്യയിലെ വായ്‌സി കലാപം. മുസ്‌ലിം കര്‍ഷകരും സാധാരണ ജനങ്ങളും ഭൂമിക്കും സമാധാനത്തിനും വേണ്ടി നടത്തിയ പോരാട്ടമാണിത്. സോഷ്യലിസത്തിന് വേണ്ടിയുള്ള ലെനിന്റെ വിപ്ലവ പദ്ധതികളോട് ഈ കര്‍ഷക വിപ്ലവകാരികള്‍ ചേര്‍ന്നു നിന്നു.

മുസ്‌ലിം മത വിശ്വാസികളുടെ നേതൃത്വത്തിലുയര്‍ന്നുവന്ന കര്‍ഷക സമരത്തിന്റെ വര്‍ഗപരവും മര്‍ദന വിരുദ്ധവുമായ രാഷ്ട്രീയ ഉള്ളടക്കത്തെ മനസ്സിലാക്കി കൊണ്ടാണ് ലെനിന്‍ വായ്‌സി പ്രസ്ഥാനവുമായി ആശയ സംവാദമാരംഭിച്ചത്. സാമ്രാജ്യത്വത്തെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളെയും സംബന്ധിച്ച മൂന്നാം ഇന്റര്‍നാഷനലിന്റെ സൈദ്ധാന്തിക വിശകലനങ്ങളില്‍ നിന്നാണ് കോണ്‍റാഡ് വുഡ്‌സിനെപ്പോലുള്ള ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരും പിന്നീട് ഇ എം എസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും മലബാര്‍ സമരത്തെ വിശകലനം ചെയ്തിട്ടുള്ളത്, അതിന്റെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ ഉള്ളടക്കവും വര്‍ഗ രാഷ്ട്രീയവും വിശദീകരിച്ചിട്ടുള്ളത്.