പിളര്‍പ്പ് പുതിയ എപ്പിസോഡില്‍

കേരള കോണ്‍ഗ്രസ് രണ്ടായി പിളരുകയും പാലാ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നാണംകെട്ട തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ മുന്നണിയില്‍ പരസ്പരം കൊമ്പുകോര്‍ത്ത് രണ്ട് വിഭാഗത്തെയും മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് യോജിപ്പുണ്ടാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
Posted on: June 30, 2020 4:05 am | Last updated: July 1, 2020 at 6:29 pm

കേരള കോണ്‍ഗ്രസ് മൂപ്പിളമ തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തെ പുറന്തള്ളാനുള്ള യു ഡി എഫ് തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പുണ്ടായേക്കാവുന്ന രാഷ്ട്രീയ സാഹചര്യം മുന്നില്‍ കണ്ടുള്ളതാണ്. കേരള കോണ്‍ഗ്രസ് രണ്ടായി പിളരുകയും പാലാ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നാണംകെട്ട തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ മുന്നണിയില്‍ പരസ്പരം കൊമ്പുകോര്‍ത്ത് രണ്ട് വിഭാഗത്തെയും മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് യോജിപ്പുണ്ടാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നെ ആരെ കൊള്ളണം, ആരെ തള്ളണം എന്ന കാര്യത്തില്‍ ത്രിശങ്കുവിലായി മുന്നണി നേതൃത്വം.

ആരെ വരിച്ചാലും മറുപക്ഷം എതിര്‍ പക്ഷത്തെത്തുമെന്നും എല്‍ ഡി എഫിന് രാഷ്ട്രീയ ലാഭമുണ്ടാകുമെന്നുമുള്ള വിലയിരുത്തലിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. ഇതിനിടയിലാണ് ജോസ് കെ മാണിക്ക് ബി ജെ പിയോട് ആഭിമുഖ്യമുണ്ടെന്നും ഈ വഴിക്ക് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ടെന്നുമറിഞ്ഞത്. ഇതിനിടയില്‍ ഇടത് മുന്നണിക്ക് പി ജെ ജോസഫ് വിഭാഗത്തോട് ആഭിമുഖ്യമുണ്ടെന്ന സൂചനയും പുറത്തുവന്നു. പി ജെ ജോസഫ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനോട് അനുകൂലമാണെന്ന് സി പി ഐ പറഞ്ഞതു തന്നെ ജോസ് വിഭാഗത്തെ ഉള്‍ക്കൊള്ളാനാകില്ലെന്ന സൂചനയായിരുന്നു. ഈ സാഹചര്യത്തിലാണ് പി ജെ ജോസഫിന്റെ ഇടതു പ്രവേശം തടയാനുള്ള രാഷ്ട്രീയ തന്ത്രം യു ഡി എഫ് സ്വീകരിച്ചത്. ജോസ് കെ മാണി വിഭാഗം ബി ജെ പി ക്യാമ്പിലെത്തിയാലും എല്‍ ഡി എഫിന് നേട്ടമുണ്ടാക്കാനാകില്ലെന്നാണ് യു ഡി എഫ് പ്രതീക്ഷ. കൂടാതെ കോട്ടയത്ത് മാണിപക്ഷവുമായി അകന്നു കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വുണ്ടാകുമെന്നും മാറുന്ന രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കാമെന്നും ഐക്യമുന്നണി നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ കൈയൊഴിയാന്‍ യു ഡി എഫ് നേരത്തേ തീരുമാനിച്ചതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ചര്‍ച്ചകളെല്ലാം ജോസ് കെ മാണി വിഭാഗത്തിനെ ചവിട്ടിപ്പുറത്താക്കിയതിന്റെ പേരില്‍ അവര്‍ക്കൊരു താരപരിവേശം ഒഴിവാക്കാനായിരുന്നുവെന്നും വ്യക്തം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിത്തര്‍ക്കം ജോസ് കെ മാണി പക്ഷത്തെ അവഗണിക്കാന്‍ യു ഡി എഫിന് വീണുകിട്ടിയ അവസരമായിരുന്നു. കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 15ല്‍ 11 സീറ്റും വിട്ടുനല്‍കിയാല്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാറാണ് എന്ന നിലപാടിലായിരുന്നു ജോസ് വിഭാഗം.

ഇടുക്കി, കാഞ്ഞിരപ്പള്ളി എം എല്‍ എമാരും പേരാമ്പ്രയിലും പാലാ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു തോറ്റ നേതാക്കളും മാത്രമാണ് ജോസ് വിഭാഗത്തിലുള്ളത്. തൊടുപുഴ എം എല്‍ എ. പി ജെ ജോസഫാണ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും. ചങ്ങനാശ്ശേരി എം എല്‍ എ. സി എഫ് തോമസും ജോസഫ് പക്ഷത്താണ്. തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട് എന്നിവ ഉള്‍പ്പെടെ മാണി ഗ്രൂപ്പ് മത്സരിച്ച സീറ്റിലെ നേതാക്കളെല്ലാം തന്നെ ജോസഫ് പക്ഷത്താണ്. അതുകൊണ്ടുതന്നെ ജോസ് വിഭാഗത്തിന്റെ ഇത്തരം അവകാശവാദത്തിനു പ്രസക്തിയില്ലെന്ന് പി ജെ ജോസഫും കൂട്ടരും പറഞ്ഞു.

യു ഡി എഫ് നേതാക്കളുമായി വ്യാഴാഴ്ച തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്ന സൂചന ജോസ് കെ മാണി നല്‍കിയിരുന്നു. പിന്നീട് ഉന്നതാധികാര സമിതി കൂടിയതോടെയാണ് ജോസ് പക്ഷം നിലപാടു മാറ്റി പുതിയ അവകാശവാദം ഉയര്‍ത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തില്‍ യു ഡി എഫ് നിലപാടെടുക്കണമെന്ന് ആവശ്യപ്പെടാന്‍ ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഇതിനിടയിലാണ് കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ നടപ്പാക്കാതെ യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചത്. മുന്നണിയുടെ കെട്ടുറപ്പിനായി രണ്ടോ മൂന്നോ ദിവസം കാത്തിരിക്കും. ജോസ്പക്ഷം മുന്നോട്ടു വെക്കുന്ന ഉപാധിക്കു പ്രസക്തിയില്ല. കേരള കോണ്‍ഗ്രസിലെ കൂടുതല്‍ പേരും തനിക്കൊപ്പമാണ്. ധാരണ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരും. കരാര്‍ പാലിക്കാനാകില്ലെങ്കില്‍ ജോസ് കെ മാണി യു ഡി എഫ് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജോസഫ് പക്ഷത്തിന്റെ കടുംപിടിത്തത്തെ തുടര്‍ന്നാണ് മുന്നണി തീരുമാനമെന്ന് വരുത്തിത്തീര്‍ക്കാനും ഇതുമൂലം യു ഡി എഫിന് കഴിഞ്ഞു.