Connect with us

Editorial

പ്രവാസികളെക്കുറിച്ച് അനാവശ്യ ഭീതി വേണ്ട

Published

|

Last Updated

കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇന്ന് ഏറ്റവുമധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് പ്രവാസികളാണ്. വിശേഷിച്ചും നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍. രോഗബാധ ഭീതിയേക്കാളധികം അവരെ വേട്ടയാടുന്നത് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള മോശം മനോഭാവവും അവഗണനയുമാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന്, വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ നിന്ന് വരുന്നവരെല്ലാം കൊവിഡ് വൈറസ് വാഹകരാണെന്ന മട്ടില്‍ സമൂഹം പൊതുവെ അവര്‍ക്കു മൊത്തം അയിത്തം കല്‍പ്പിക്കുകയാണ്.

ഇവനെന്തിനിപ്പോള്‍ നാട്ടിലേക്ക് വന്നുവെന്ന മനോഭാവമാണ് ഉറ്റവര്‍ക്കും ഉടയവര്‍ക്കു പോലും. മകന്‍ വരുന്നതറിഞ്ഞ് മാതാപിതാക്കളും വീട്ടിലെ കൂടപ്പിറപ്പുകളും വീട് വിട്ടൊഴിഞ്ഞ് മറ്റു സ്ഥലത്തേക്ക് താമസം മാറ്റുന്നു. മിക്ക വീടുകളിലും ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന പെട്ടികള്‍ അനാഥമായി വീടിന്റെ മൂലയില്‍ കിടക്കുകയാണ്. തൊടാന്‍ ഭയം. നാട്ടിലെത്തിയാല്‍ കാണാറുള്ള പതിവു സന്ദര്‍ശകര്‍ അയലത്തെങ്ങും വരാന്‍ കൂട്ടാക്കുന്നില്ല. കൊറോണ വൈറസിന്റെ മൊത്ത വിതരണക്കാര്‍ ഗള്‍ഫുകാരെന്നാണ് മിക്കവരുടെയും ധാരണ. അന്യതാ ബോധത്തോടെയാണ് തിരിച്ചെത്തിയ പല പ്രവാസികളും ഇന്ന് നാളുകള്‍ തള്ളിനീക്കുന്നത്. ഗള്‍ഫിലായിരുന്നപ്പോള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത പലരും ഇപ്പോള്‍ വരേണ്ടതില്ലായിരുന്നുവെന്ന് മാറിച്ചിന്തിക്കുകയാണ് നാട്ടിലെത്തിയ ശേഷം.

നാട്ടിലെത്തി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച ഒരു പ്രവാസി തന്റെ സങ്കടം ഇതിനിടെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയുണ്ടായി. “താന്‍ കൊണ്ടുവന്ന ചോക്ലേറ്റും മിഠായികളുമൊന്നും ആര്‍ക്കും വേണ്ട. ഗള്‍ഫുകാരെ തിരഞ്ഞുപിടിച്ച് സന്ദര്‍ശിച്ചിരുന്ന ഇന്‍ഷ്വറന്‍സുകാരും പിരിവുകാരുമൊന്നും ഈ വഴി തിരിഞ്ഞു നോക്കുന്നില്ല. ഇതൊക്കെ സൃഷ്ടിച്ച അന്യതാബോധം മൂലം വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഫോണ്‍ ചെയ്യാന്‍ പോലും മനസ്സ് വരുന്നില്ലെന്നും നാട്ടിലേക്ക് വരേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെ”ന്നും അദ്ദേഹം കുറിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ എടപ്പാള്‍ സ്വദേശിയായ ഒരു യുവാവ് വിദേശത്തു നിന്ന് വീട്ടിലെത്തിയപ്പോള്‍ ഉടപ്പിറപ്പുകള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. എത്തുന്ന വിവരം യുവാവ് നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. എങ്കിലും സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ പോലും നല്‍കിയില്ലത്രെ. തൊട്ടടുത്തു തന്നെ കുടുംബവക ആള്‍താമസമില്ലാത്ത മറ്റൊരു വീടുണ്ട്. യുവാവ് അവിടെ താമസിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ അത് തുറന്നു കൊടുത്തതുമില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എടപ്പാള്‍ സി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിക്കുകയായിരുന്നു. ക്വാറന്റൈനിന്റെ ഭാഗമായി നീലേശ്വരത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു ഒറ്റക്ക് താമസിക്കുകയായിരുന്ന ഒരു കുവൈത്ത് പ്രവാസിയെ ലോഡ്ജ് അധികൃതര്‍ അര്‍ധരാത്രി അവിടെ നിന്ന് ഇറക്കിവിട്ട സംഭവവമുണ്ടായി രണ്ടാഴ്ച മുമ്പ്. ലോഡ്ജിലെ താമസക്കാരായ ചില നഗരസഭാ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നുവത്രെ മനുഷ്യത്വ രഹിതമായ ഈ നടപടി.
സംസ്ഥാനത്ത് രോഗം പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയെന്ന നിലയില്‍ ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിച്ചു നടക്കുകയും ഇടക്കിടെ കൈകള്‍ സോപ്പിട്ടു നന്നായി കഴുകുകയും ചെയ്യണമെന്നു മാത്രമേ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ പ്രവാസികളും അല്ലാത്തവരുമെല്ലാം സമമാണ്. പ്രവാസ ലോകത്തു നിന്ന് വരുന്നവരൊക്കെയും രോഗബാധയുള്ളവരല്ല. അവിടെ ടെസ്റ്റ് നടത്തി രോഗബാധയില്ലെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് അവര്‍ക്ക് യാത്രക്ക് അനുമതി നല്‍കുന്നത്. എങ്കിലും രോഗബാധയുള്ള രാജ്യത്ത് നിന്ന് വരുന്നവരാകയാല്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിനു മുമ്പ് രോഗവിമുക്തരാണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്താനാണ് ഏതാനും ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ട് വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അവരെക്കുറിച്ച് അനാവശ്യ പരിഭ്രാന്തി വേണ്ടതില്ല.

ഉറ്റവരോ ബന്ധുക്കളോ താമസിക്കുന്ന വീടുകളില്‍ തന്നെ അവരുമായുള്ള സമ്പര്‍ക്കമില്ലാത്ത വിധം പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, പ്രവാസികള്‍ക്ക് മാനസിക പിരിമുറുക്കമില്ലാതെയും അന്യതാബോധം പിടികൂടാതെയും സ്വസ്ഥതയോടെ കഴിയാന്‍ ഏറ്റവും അനുയോജ്യവും അഭികാമ്യവും സ്വന്തം വീടുകള്‍ തന്നെയാണ്. നിരീക്ഷണത്തില്‍ പാര്‍ക്കുന്നവര്‍ക്കായി ഒരു പ്രത്യേക ബാത്ത് അറ്റാച്ച്ഡ് മുറി ഉണ്ടായിരിക്കണമെന്നു മാത്രം. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അരുത്. സാമൂഹിക അകലം പോലുള്ള കാര്യങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലെ ആരോഗ്യമുള്ള ഒരു യുവാവിനോ യുവതിക്കോ അവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കാവുന്നതും മറ്റു അനിവാര്യമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാവുന്നതുമാണ്. നിബന്ധനകള്‍ പാലിച്ച് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും അവരുമായി സംസാരിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യാം. അവര്‍ക്കു വേണ്ട മനോബലവും പിന്തുണയും നല്‍കാന്‍ അത് സഹായകവുമാകും. ക്വാറന്റൈനില്‍ ഏകാന്ത വാസത്തില്‍ കഴിയുന്ന ഘട്ടത്തില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്‌നേഹവായ്പും സൗഹൃദപരമായ സമീപനവും സ്‌നേഹോഷ്മളമായ പരിചരണവുമാണ് അവര്‍ക്കാവശ്യം. പ്രവാസ ജീവിതത്തിന്റെ നല്ല നാളുകളില്‍ മാത്രമല്ല, പ്രയാസഘട്ടത്തിലും നാട്ടുകാരും വീട്ടുകാരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് തിരിച്ചെത്തുന്ന ഓരോ പ്രവാസിയെയും ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കണം നമ്മുടെ സമീപനം. വീട്ടില്‍ സൗകര്യമില്ലാത്തവരെ മാത്രമേ പുറത്ത് സര്‍ക്കാര്‍വക ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കേണ്ടതുള്ളൂ. വൈറസ് വാഹകരാണെന്നു കണ്ടെത്തിയിട്ടില്ലാത്തിടത്തോളം കാലം രോഗബാധ ഭയന്ന് പ്രവാസികളെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ പെരുമാറരുത്. അത് മനുഷ്യത്വത്തിനും നമ്മുടെ സംസ്‌കാരത്തിനും യോജിച്ചതല്ല. ശ്രദ്ധയോടെയുള്ള പരിചരണമാണെങ്കില്‍ രോഗബാധയെക്കുറിച്ച് ഒട്ടും ഭയക്കേണ്ടതില്ല. നാട്ടിലുള്ള മറ്റുള്ളവരെ പോലെ പ്രവാസികള്‍ക്കുമുണ്ട് കുടുംബക്കാരെയും നാട്ടുകാരെയും സംബന്ധിച്ച കരുതല്‍. താന്‍ കാരണം ആര്‍ക്കും രോഗം ബാധിക്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കുക.

---- facebook comment plugin here -----

Latest