Connect with us

Covid19

സാമൂഹിക സമ്പര്‍ക്കം: എടപ്പാളിലും പൊന്നാനിയിലും അതിതീവ്ര നിയന്ത്രണം

Published

|

Last Updated

മലപ്പുറം |  ഉറവിടം കണ്ടെത്താത്ത കേസുകളും സമ്പര്‍ക്ക കേസുകളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ എടപ്പാളും പൊന്നാനിയും അടച്ചു. നാല് സമ്പര്‍ക്ക കേസുകളുണ്ടായ ഏടപ്പാളില്‍ നാല് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണുകളാക്കി കലക്ടര്‍ ഉത്തരവിട്ടു. ദേശീയപാതയില്‍ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെയ്ന്‍മെന്റ് മേഖല കടന്നുപോകണമെന്ന് കലക്ടര്‍ അറിയിച്ചു. വാഹനങ്ങളില്‍നിന്ന് ആരും പുറത്തിറങ്ങാന്‍ പാടില്ല. ഒരു പെട്രോള്‍ പമ്പ് രാവിലെ ഏഴുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും.

എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ഭിക്ഷാടകന് രോഗംബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ച് പേര്‍ക്ക് രോഗംബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 വാര്‍ഡുകളൊഴികെയുള്ള 47 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് മേഖലകളിലുള്ളത്. രാഗംബാധിച്ചവര്‍ ജോലിചെയ്ത രണ്ട് ആശുപത്രികളും പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കി. പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. അകത്തുള്ളവര്‍ക്ക് പുറത്തുപോകാനുമാവില്ല. ഈ ദിവസങ്ങളില്‍ രണ്ടു ഡോക്ടര്‍മാരുടെയുമടുത്ത് ചികിത്സ തേടിയവരെപ്പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. അവര്‍ക്ക് മുന്നറിയിപ്പും നല്‍കി.