Connect with us

Editorial

ഓപറേഷന്‍ പി ഹണ്ടിൽ തെളിയുന്നത്

Published

|

Last Updated

കേരളത്തില്‍ ഉണ്ടെന്ന് പറയുന്ന സാംസ്‌കാരിക ഔന്നത്യം ഒരു കെട്ടുകഥയാണെന്ന് തോന്നിപ്പോകും ചിലപ്പോള്‍. അങ്ങേയറ്റം മലീമസമായ മാനസികാവസ്ഥയുമായാണ് വിദ്യാസമ്പന്നരെന്ന് പറയുന്നവരില്‍ പലരും നടക്കുന്നത്. സാങ്കേതികവിദ്യ വികസിക്കുകയും വിദ്യാഭ്യാസം സാര്‍വത്രികമാകുകയും നാഗരികരായി മനുഷ്യര്‍ മാറുകയും ചെയ്തുവെന്ന് പറയുമ്പോഴും ധാര്‍മികമായി വളരെ വേഗം പിന്നോട്ട് നടക്കുകയാണ് നമ്മുടെ സമൂഹമെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ ദിനംപ്രതി പത്രത്താളുകളില്‍ നിറയുന്നു. അത്തരം ഞെട്ടിക്കുന്ന വസ്തുതകളാണ് ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് സേന ആരംഭിച്ച റെയ്ഡ് പരമ്പരകളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ റെയ്ഡ് നടത്തിയത്. 47 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ഐ ടി മേഖലയിലെ യുവാക്കളുണ്ട്. ഡോക്ടര്‍മാരുണ്ട്.

കോളജ് വിദ്യാര്‍ഥികളുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളെ ചൂഷണം ചെയ്ത് വ്യാപകമായി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടന്ന സത്വര പരിശോധന ശ്ലാഘനീയമായ നീക്കമാണ്. അത് കൂടുതല്‍ കാര്യക്ഷമമായി തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ സൈബര്‍ ഡോം ഓപറേഷന്‍ പി ഹണ്ട് തുടങ്ങിയിരുന്നു. എ ഡി ജി പി (ക്രൈം) മനോജ് എബ്രഹാമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. യൂനിസെഫിന്റെ മുന്നറിയിപ്പാണ് ഈ ദിശയില്‍ ഗൗരവപൂര്‍വം മുന്നോട്ട് പോകാന്‍ പോലീസിനെ പ്രേരിപ്പിച്ച ഒരു ഘടകം. ഇന്റര്‍പോള്‍ നല്‍കിയ ഇന്‍പുട്ടിന്റെ അടിസ്ഥാനത്തിലാണ് അശ്ലീലം പ്രചരിപ്പിക്കാനായി പ്രവര്‍ത്തിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിനെ പൊക്കിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന ഗ്രൂപ്പായിരുന്നു ഇത്. ഇതിന്റെ അഡ്മിന്‍മാരും ഉപയോക്താക്കളില്‍ ഭൂരിഭാഗവും പോലീസിന്റെ വലയിലായിട്ടുണ്ട്. കുറേക്കൂടി പേരെ പിടികൂടാനുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത്. കുറേ ഞരമ്പ് രോഗികള്‍ ഇതിനായി കാത്തിരിക്കുകയാണ്. ഈ വൃത്തികെട്ട കൈമാറ്റം വഴി പണം സമ്പാദിക്കാനിരിക്കുന്ന നരാധമന്‍മാരും അവരെ സഹായിക്കുന്നവരും ചേരുന്നതോടെ ഈ അഴുക്കുചാല്‍ പൂര്‍ണമാകുന്നു.

ഗാര്‍ഹിക അന്തരീക്ഷത്തില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എന്ന് നാം ഞെട്ടലോടെ മനസ്സിലാക്കണം. കുട്ടികളെ പ്രലോഭിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നുണ്ടാകാം. ചിലപ്പോള്‍ അവര്‍ അറിയാതെ പകര്‍ത്തുന്നതുമാകാം. എങ്ങനെയായാലും കുട്ടികളോട് ചെയ്യുന്ന കൊടിയ ക്രൂരതയാണിത്. നമ്മുടെ വീടിനകത്തു പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന് വരുന്നത് എത്ര ഭീകരമായ അവസ്ഥയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ചൂഷണങ്ങള്‍ വല്ലാതെ വര്‍ധിച്ചുവെന്നാണല്ലോ ഈ അറസ്റ്റുകള്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ അടഞ്ഞിരിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും എന്താണ് അനുഭവിച്ചത് എന്ന് കൂടുതല്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവെന്ന കണക്കുകള്‍ നേരത്തേ പുറത്ത് വന്നതായിരുന്നുവല്ലോ.
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗത്തിന് കുടുംബവും സമൂഹവും വിദ്യാലയങ്ങളും വെച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും പൊളിഞ്ഞുപോയ ഘട്ടമാണിത്. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലികള്‍ ചെയ്യുന്നവര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം, ബേങ്കിംഗ് ഇടപാടുകള്‍ തുടങ്ങി ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റിന്റെ ഗാര്‍ഹിക ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചു. ഇന്റര്‍നെറ്റില്‍ അഭിരമിക്കുന്നതിന് സമ്പൂര്‍ണ അംഗീകാരം കൈവന്നു. ഈ കാലത്ത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടായതിന്റെ അടിസ്ഥാന കാരണമിതാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ പാര്‍ശ്വഫലമാണിത്.

സാമൂഹിക, സദാചാര വ്യവസ്ഥ മുന്നോട്ട് വെക്കുന്ന എല്ലാ നിയന്ത്രണങ്ങളും അതിര്‍ വരമ്പുകളും തകര്‍ക്കണമെന്ന മുറവിളി നാനാ ഭാഗത്തു നിന്നും ഉയരുകയാണ്. ലൈംഗിക സര്‍വസ്വതന്ത്രതാ വാദത്തിന് ജയ് വിളിക്കാനും ആളുകളേറെയുണ്ട്. കുഞ്ഞിന് ചിത്രം വരക്കാന്‍ പൂര്‍ണ നഗ്ന ശരീരം നല്‍കിയ ആഭാസത്തിന് വരെ ലൈക്കടിക്കാന്‍ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമുണ്ട്. കുട്ടികളുടെ ലൈംഗിക തൃഷ്ണ അനുവദിച്ചു കൊടുക്കണമെന്ന് വാദിക്കുന്ന മഹാ യുക്തിവാദികളും കൂട്ടത്തിലുണ്ട്. ഈ ലിബറലുകളെല്ലാം കൂടി സൃഷ്ടിക്കുന്ന കുത്തഴിഞ്ഞ വ്യവസ്ഥയാണ് ഇത്തരം അശ്ലീല ദൃശ്യങ്ങളുടെ കച്ചവടത്തിലേക്ക് വഴിവെട്ടുന്നത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് കാമം നുണയുന്ന അധമന്‍മാര്‍ മലയാളിയുടെ ലൈംഗിക ആരോഗ്യം എത്രമാത്രം പരിതാപകരമാണെന്ന് കൂടി വിളിച്ചു പറയുന്നുണ്ട്.
അറസ്റ്റിലായവരില്‍ നല്ല പങ്കും വിദ്യാസമ്പന്നരും ഉയര്‍ന്ന സാമൂഹിക പദവികളില്‍ ഇരിക്കുന്നവരുമാണ്. ഇവരൊക്കെ എന്ത് തരം വിദ്യയാണ് നേടിയത്? മാനസിക സംസ്‌കരണം നേടുന്നില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം കൊണ്ട് എന്ത് ഫലമാണുള്ളത്. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ വഴിയിലൂടെ ഇടറാതെ നീങ്ങുന്ന മതസമൂഹങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. രൂപം കൊണ്ടല്ല, ഗുണം കൊണ്ടാണ് ഒരാള്‍ മനുഷ്യനാകേണ്ടത്.

Latest