വന്ദേഭാരത്: കോഴിക്കോട് വിമാനം തൃശ്ശിനാപ്പള്ളിയിലേക്ക് മാറ്റി

Posted on: June 28, 2020 1:45 am | Last updated: June 28, 2020 at 1:02 am

അബുദാബി | അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വന്ദേ ഭാരത് വിമാനങ്ങള്‍ തമിഴ് നാട്ടിലെ തൃശ്ശിനാപ്പള്ളിയിലേക്കും കണ്ണൂരിലേക്കും മാറ്റി. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമായി പറയുന്നത്. ഇന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന വിമാനം കണ്ണൂരിലേക്കും ജൂണ്‍ 30നുള്ള വിമാനം തൃശ്‌നാപ്പള്ളിയിലേക്കുമാണ് സര്‍വീസ് നടത്തുക.
കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയ വിമാനങ്ങളില്‍ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണം.

കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയില്‍ നിന്നുള്ള യാത്രക്കാരെ കണ്ണൂരിലേക്കാണ് കയറ്റിവിടുന്നത്. ടാക്‌സി വാഹനങ്ങള്‍ കണ്ണൂരില്‍ നിന്നും മലപ്പുറം ജില്ലയുടെ മലയോര ഗ്രാമങ്ങളിലേക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. അതിനിടെ, വന്ദേ ഭാരത് പ്രത്യേക വിമാന സര്‍വീസുകളുടെ നാലാം ഘട്ടത്തിലെ ഒന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 14 വരെയുള്ള 136 സര്‍വീസുകളുടെ വിവരങ്ങളാണ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയത്. ഇതില്‍ 86 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. എന്നാല്‍ അബുദാബിയില്‍ നിന്ന് രണ്ട് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് അനുവദിച്ചിട്ടുള്ളത്.

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഗള്‍ഫ് മേഖലക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 136 വിമാനങ്ങളില്‍, 122 സര്‍വീസുകള്‍ ജി സി സി രാജ്യങ്ങളില്‍ നിന്നാണ്. ബഹ്‌റൈനില്‍ നിന്ന് 47, ഒമാനില്‍ നിന്ന് 16, യു എ ഇയില്‍ നിന്ന് 59 എന്നിങ്ങനെയാണ് നാലാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍. മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആകെ 14 സര്‍വീസുകളും ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.