Connect with us

National

കൊവിഡ് ചികിത്സയിൽ അശ്രദ്ധയുണ്ടെന്ന ആരോപണം നിഷേധിച്ച് ബി എം സി; വൈറൽ വീഡിയോ അടിസ്ഥാനരഹിതം

Published

|

Last Updated

മുംബൈ| വൈറൽ വീഡിയോ അടിസ്ഥാനമാക്കി ഭരണകൂടത്തിനെതിരെ ഉയർന്ന ആരോപണം അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ബ്രിഹൻ മുനിസിപ്പൽ കോർപറേഷൻ. മുംബൈയിലെ ഘട്‌കോപറിലെ ആസാദ് നഗർ കൊവിഡ് കെയർ സെന്ററിൽ കഴിഞ്ഞ ദിവസം ഒരു മുതിർന്ന പൗരൻ വൈറസ് ബാധിച്ച് മരിച്ചിരുന്നു. നിലത്ത് അനങ്ങാതെ കിടക്കുന്ന വയോധികന്റെ വീഡിയോ പങ്കുവെച്ചാണ് ഇതിന് കാരണം ഭരണകൂടത്തിന്റെ ആശ്രദ്ധയാണെന്ന് ബി ജെ പി. എം എൽ എ രാം കടം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ബി എം സിയും സംസ്ഥാന സർക്കാറും ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ ഈ മാസം 21 നാണ് പ്രശ്‌നം ആരംഭിച്ചതെന്ന് ബി എം സി അധികൃതർ പറഞ്ഞു. ഘട്‌കോപറിലെ ഗംഗാവടിപ്രദേശത്തെ ശാന്താഭുവൻ ചാവലിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. അയാളുടെ അയൽവാസികളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അണുബാധ തടയാൻ അയൽവാസികളായ മൂന്ന് കുടുംബങ്ങളോട് കൊവിഡ് കെയർ സെന്ററിലെത്താൻ ആവശ്യപ്പെട്ടെങ്കിലും രണ്ട് കുടുംബങ്ങൾ ഈ ആവശ്യം അംഗീകരിച്ചില്ല. 22നും ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും യാതൊരു സഹകരണവുമില്ലാത്തതിനാൽ 23ന് ബി എം സി പോലീസിന്റെ സഹായം ആവശ്യപ്പെടുകയും കേന്ദ്രത്തിലേക്ക് വരാൻ കുടുംബാഗങ്ങൾ സമ്മതിക്കുകയും ചെയ്തു.

മൂന്ന് കുടുംബങ്ങളിൽ നിന്നായി 11 പേരെയാണ് ഇവിടെയെത്തിച്ചത്. ഇതിലുള്ള മുതിർന്ന പൗരനായ 72 കാരൻ്റെ വീഡിയോ ആണ് വൈറലായത്. ഇയാൾക്ക് പ്രാഥമിക പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അടുത്ത ദിവസം തനിക്ക് വലിയ സുഖം തോന്നുന്നില്ലെന്ന് പറഞ്ഞ ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിസമ്മതിച്ചു. അന്ന് വൈകീട്ട് ശുചിമുറിയിൽ കയറിയ ഇദ്ദേഹം അവിടെ വെച്ച് അബോധാവസ്ഥയിലായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് സ്രവപരിശോധന നടത്താതിരുന്നതെന്ന് കുടുംബം അശുപത്രി അധികൃതരോട് ചോദിച്ചിരുന്നു. എന്നാൽ ഐ സി എം ആർ മാർഗനിർദേശങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിച്ചതായി ബി എം സി അധികൃതർ പറഞ്ഞു. സ്രവ പരിശോധനാ ഫലം ലഭിച്ചപ്പോൾ ഇയാൾ കൊവിഡ് പോസിറ്റീവ് ആയിരുന്നെന്ന് ബി എം സി അധികൃതർ അറിയിച്ചു.

Latest