Covid19
കേരള ഡയലോഗിന് തുടക്കം; സംസ്ഥാനത്തെ പ്രശംസിച്ച് ചോംസ്‌കിയും അമര്‍ത്യ സെനും

തിരുവനന്തപുരം | കൊവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹിക വിമര്‍ശകനുമായ നോം ചോംസ്‌കി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്. ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു എന്നാണ് ലിബറല്‍ മാധ്യമങ്ങള്‍ അപ്പോള്‍ പറഞ്ഞത്. കൊവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിച്ചാല്‍ വലിയൊരു ശക്തിയാകും. പ്രോഗ്രസ്സീവ് ഇന്റര്‍നാഷനല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കൊവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവെപ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാം. എന്നാല്‍, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ചര്‍ച്ചയില്ലാതെ ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു. കൊവിഡ്19 നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനര്‍വിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുന്‍ഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സ്വാമിനാഥനും സംവാദത്തില്‍ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ സാമുഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ആദ്യ എഡിഷന്‍ സംപ്രേഷണം ചെയ്തു. സംവാദങ്ങളുടെ പൂര്‍ണരൂപം യുട്യൂബില്‍ ലഭ്യമാണ്. രണ്ടാംഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദ പരിപാടി നടക്കും.