National
മൂന്ന് പതിറ്റാണ്ട് സ്ത്രീ ആയി ജീവിതം; ചികിത്സക്കിടെ പുരുഷനാണെന്ന് ഡോക്ടർമാർ

കൊൽക്കത്ത| മുപ്പത് വർഷക്കാലം യാതൊരു സങ്കീർണതകളുമില്ലാതെ ജീവിച്ച യുവതി യഥാർഥത്തിൽ പുരുഷനാണെന്ന് വിധിയെഴുതി ഡോക്ടർമാർ. നിരന്തരം തന്നെ അലട്ടിയിരുന്ന വയറുവേദനക്ക് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ വൃഷണ അർബുദം ബാധിച്ച ഒരു പുരുഷനാണ് യുവതിയെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അതേസമയം, യുവതിയുടെ സഹോദരിയായ 28 കാരിക്ക് ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം എന്ന രോഗവും കണ്ടെത്തി. ഒരു വ്യക്തി ജനിതകമായി പുരുഷനായിരിക്കുകയും എന്നാൽ ഒരു സ്ത്രീയുടെ എല്ലാ ശാരീരിക സ്വഭാവങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. മാതൃസഹോദരിമാർക്കും സമാന അവസ്ഥയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഒമ്പത് വർഷം മുമ്പ് വിവാഹിതയായ ബിർഭം നിവാസിയും 30 കാരിയുമായ യുവതിയാണ് തന്നെ നിരന്തരം അലട്ടിയിരുന്ന വയറുവേദനക്ക് ചികിത്സ തേടി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആശുപത്രി സന്ദർശിച്ചത്. ക്ലിനിക്കൽ ഗൈനക്കോളജിസ്റ്റ് ഡോ.അനുപം ദത്തയും ശസ്ത്രക്രിയാ ഗൈനക്കോളജിസ്റ്റ് ഡോ.സൗമെൻദാസും നടത്തിയ പരിശോധനയിലാണ് യുവതിയുടെ യഥാർഥ വ്യക്തിത്വം വെളിപ്പെട്ടത്.
ബാഹ്യരൂപത്തിൽ അവളൊരു സ്ത്രീയാണ്. എന്നാൽ ആന്തരിക രൂപത്തിൽ പുരുഷനാണെന്നും ഇത്തരമൊരു സാഹചര്യം വളരെ അപൂർവമാണെന്നും ഡോക്ടർ പറഞ്ഞു. ഞങ്ങൾ യുവതിയോടും ഭർത്താവിനോടും നിലവിലെ ജീവിതം തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.