Connect with us

Gulf

ദുബൈയിലേക്ക് വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ വരാനാകില്ല

Published

|

Last Updated

ദുബൈ | വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതർ. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരെയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും യു എ ഇ സർക്കാർ എയർ ഇന്ത്യയെ അറിയിച്ചു.

യു എ ഇ പൗരൻമാർ അടക്കമുള്ളവർക്ക് ഇത് ബാധകമാണ്. ജൂൺ 22 മുതൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യു എ ഇ അനുമതി നൽകിയിരുന്നു. ഇതേതുടർന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയർ ഇന്ത്യ അനുമതി തേടിയത്.

എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി ആളെ കൊണ്ടുവരരുതെന്നാണ് യു എ ഇ വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിലെ യു എ ഇ എംബസിയുടെയോ യു എ ഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിൽ മാത്രമേ ആളുകളെ കൊണ്ടുവരാൻ ആകുകയുള്ളൂ. അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യു എ ഇ സർക്കാർ എയർ ഇന്ത്യയെ അറിയിച്ചു. നിലവിൽ യു എ ഇയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. നിലവിൽ വിദേശത്തു കഴിയുന്ന യു എ ഇയിലെ യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പോലും യു എ ഇയിലേക്ക് മടങ്ങിവരുന്നതിന് താത്കാലികമായി വിസക്ക് അപേക്ഷിക്കാൻ കഴിയില്ല.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം അടുത്തിടെ ഏർപെടുത്തിയ യാത്രാവിലക്കുകൾ കാരണമാണിത്. യു എ ഇയിലേക്കുള്ള പുതിയ എൻട്രി വിസ വിതരണം മാർച്ച് 19 മുതൽ നിർത്തിവെച്ചതായി സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ചയും ആവർത്തിച്ചിരുന്നു. അതേസമയം, ഇന്ത്യയിൽ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയർ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്സിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

Latest