National
ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി| ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈന ഏകപക്ഷീയമായും അക്രമപരമായും സ്ഥിതിഗതികൾ മാറ്റാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വീണ്ടും കേന്ദ്രത്തിനെതിരെ വിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂമി ചൈനക്കാർ കൈയടക്കിയിട്ടുണ്ടോ എന്ന ചോദ്യം ട്വിറ്ററിലൂടെ ആവർത്തിച്ചാണ് രാഹുൽ രംഗത്തെത്തിയത്. പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി പകർത്തിയ ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തിന്റെ ചിത്രം ട്വീറ്റിൽ പോസ്റ്റ് ചെയ്ത രാഹുൽ കഴിഞ്ഞ മാസം തന്നെ ചൈനീസ് സൈനികർ ഇവിടെ നിലയുറപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. സംഘർഷത്തിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിലക്കൊള്ളുന്നെന്നും ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോയന്നും പോസ്റ്റിൽ കുറിച്ചു.
ഉഭയകക്ഷി ബന്ധത്തിലുണ്ടായ പിരിമുറുക്കവും ഗാൽവാൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടുണ്ടായ പോരാട്ടത്തിനിടയിലും ചൈന മോദിയെ പ്രശംസിക്കുന്ന തിരക്കിലാണ്. ചൈന നമ്മുടെ സൈനികരെ കൊന്നു, ഭൂമി കൈയടക്കി, പിന്നെ ഈ പോരാട്ടത്തിനിടെ മോദിയെ പ്രശംസിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇന്നലെ മോദിക്ക് നേരേ നടത്തിയ രൂക്ഷ വിമർശനത്തിനിടെ രാഹുൽ ആവർത്തിച്ചു.
ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തെ ചൈനീസ് മാധ്യമങ്ങൾ പ്രശംസിച്ചെന്ന വാർത്താ റിപ്പോർട്ടും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.