Connect with us

Gulf

ദുബൈയിൽ എത്താൻ പുതിയ പ്രോട്ടോക്കോൾ; രജിസ്റ്റർ ചെയ്യേണ്ടത് ജി ഡി ആർ എഫ് എയിൽ

Published

|

Last Updated

ദുബൈ | വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ദുബൈ താമസ വിസക്കാരും പൗരന്മാരും മടങ്ങിവരുന്നതിനായി പുതിയ സംവിധാനം ഏർപെടുത്തി. എമിറേറ്റ്സ് വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ താമസക്കാരെ സ്വീകരിക്കാൻ ആരംഭിച്ചെന്ന് ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അറിയിച്ചു.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താമസക്കാർ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ നിന്ന് (ജിഡിആർഎഫ്എ) അനുമതി വാങ്ങേണ്ടതുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിൽ നിന്ന് അനുമതി വാങ്ങണമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, താമസക്കാർക്ക് തൽക്ഷണം പ്രതികരണം ലഭിക്കും.

അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ. ‘ബുക്കിംഗ് പ്രക്രിയയിൽ, നിങ്ങളുടെ ജിഡി ആർ എഫ് എ അപേക്ഷാ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ യാത്രചെയ്യുമ്പോൾ അംഗീകാര ഇമെയിലിന്റെ ഒരു പകർപ്പ് ദയവായി നിങ്ങൾ കൊണ്ടുവരിക,” എമിറേറ്റ്‌സ് എയർലൈൻസ് വെബ്സൈറ്റിൽ പറഞ്ഞു.

എത്താനിരിക്കുന്ന ഓരോ യാത്രക്കാരനും ദുബൈ വിമാനത്താവളത്തിൽ ആരോഗ്യ പ്രഖ്യാപന ഫോമും ക്വറന്റൈൻ ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. രണ്ട് ഫോമുകളും ദുബൈ ഹെൽത് അതോറിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറണം.
അടുത്ത ദിവസങ്ങൾ എമിറേറ്റ്‌സിന് മാത്രമല്ല, വ്യോമയാന മേഖലക്കാകെ നിർണായകമാണെന്ന് എമിറേറ്റ്‌സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

മടങ്ങിവരുന്ന താമസക്കാർക്കുള്ള നടപടിക്രമങ്ങൾ
  1. ദുബൈ വിമാനത്താവളങ്ങളിൽ അനുമതിയുള്ള എയർലൈനുകളുടെ വെബ്‌സൈറ്റുകൾ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം.
  2. കൊവിഡ് പരിശോധനയുടെയും ചികിത്സയുടെയും ചെലവുകൾ വഹിക്കാനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പിടണം.
  3. എത്തിച്ചേരുന്നവർ അവരുടെ വിശദാംശങ്ങൾ കൊവിഡ് -19 ഡി എക്‌സ് ബി ആപിൽ രജിസ്റ്റർ ചെയ്യണം.
  4. പുറപ്പെടുന്നതിന് മുമ്പ് പി സി ആർ പരിശോധന ആവശ്യമില്ല. എന്നാൽ അവർ ദുബൈ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകണം.
  5. പി സി ആർ പരിശോധനാ ഫലങ്ങൾ വരുന്നതുവരെ താമസക്കാർ വീട്ടിൽ തന്നെ തുടരണം.
  6. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയാണെങ്കിൽ 14 ദിവസത്തെ ക്വാറന്റൈന് ബാധ്യസ്ഥരാണ്.
  7. മാസ്‌ക് ധരിക്കുക, രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക, പതിവായി കൈ കഴുകുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം.
വിനോദ സഞ്ചാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ജൂലൈ 7 മുതൽ ദുബൈ വിനോദസഞ്ചാരികളെ വീണ്ടും സ്വീകരിച്ചുതുടങ്ങും. ഇന്നലെ മുതൽ താമസ വിസക്കാരെ സ്വാഗതം ചെയ്തു തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികൾ കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളിലെ കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നിർദേശങ്ങൾ

◆ പുറപ്പെടുന്ന തീയതിക്ക് പരമാവധി നാല് ദിവസം (96 മണിക്കൂർ) സാധുതയുള്ള ഒരു പിസിആർ പരിശോധന നടത്തുക. ദുബൈ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വൈറസ് ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ, അവർ വിമാനത്താവളത്തിൽ പിസിആർ പരിശോധനക്ക് വിധേയരാകും.
◆ രാജ്യത്ത് പ്രവേശിക്കുന്നതിന് സാധുവായ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കുക.
◆ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ‘ആരോഗ്യ പ്രഖ്യാപന ഫോം” പൂരിപ്പിക്കുക.
◆ കൊവിഡ് -19 ഡിഎക്‌സ്ബി അപ്ലിക്കേഷൻ ഡൗൺലോഡുചെയ്ത് വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. വിനോദസഞ്ചാരികൾക്ക് കൊവിഡ് -19 ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ അധികാരികളുമായി എളുപ്പത്തിൽ ഏകോപിപ്പിക്കാനും ആശയവിനിമയം നടത്താനും ഇത് സഹായിക്കുന്നു.
◆ ഏതെങ്കിലും കൊവിഡ് -19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പുറപ്പെടുന്ന വിമാനത്താവളത്തിൽ ബോർഡിംഗ് നിരസിക്കാൻ എയർലൈൻസിന് അവകാശമുണ്ട്
◆ വിമാനത്താവളത്തിൽ താപ പരിശോധനക്ക് വിധേയമാക്കുക.
എത്തിച്ചേർന്നതിനുശേഷം
◆ യാത്രക്കാരന് കൊവിഡ് -19 ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വീണ്ടും പരിശോധിക്കാൻ ദുബൈ വിമാനത്താവളങ്ങൾക്ക് അവകാശമുണ്ട്
◆ കൊവിഡ് പോസിറ്റീവ് ടൂറിസ്റ്റുകൾ സ്വന്തം ചെലവിൽ 14 ദിവസത്തേക്ക് സർക്കാർ നൽകുന്ന ഒരു സ്ഥാപന സൗകര്യത്തിൽ ക്വാറന്റൈന് വിധേയമാക്കുക.

പ്രതീക്ഷയോടെ നാട്ടിലുള്ളവർ

വ്യോമഗതാഗതത്തിൽ ദുബൈ പല ഇളവുകളും പ്രഖ്യാപിച്ചതിനാൽ നാട്ടിലുള്ളവർക്ക് പ്രതീക്ഷയേറുന്നു. താമസ വിസയുള്ളവർക്കു മടങ്ങിവരാൻ ദുബൈ സൗകര്യമേർപ്പെടുത്തിയതാണ് അതിൽ പ്രധാനം.
ധാരാളം ദുബൈ മലയാളികൾ ലോകത്തിന്റെ പല ഭാഗത്തും വിശേഷിച്ചു ഇന്ത്യയിൽ കുടുങ്ങിക്കിടങ്ങുന്നുണ്ട്.
ദുബൈയിലേക്കു ഉടനെ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.

യു എ ഇയിൽ ജോലിചെയ്യുന്ന ധാരാളം പേർ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് വിമാന സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ കൊവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി സി ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ ഏഴ് മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താൻ ദുബൈ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്