Connect with us

Editorial

വേണം, മഴക്കാല രോഗങ്ങള്‍ക്കെതിരെയും ജാഗ്രത

Published

|

Last Updated

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം തുടങ്ങിയത് ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി തുടങ്ങി പതിവു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്തിന്റെ വരവോടെയാണ്. ചികിത്സാരംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളി ഇന്നും വേണ്ടത്ര ഉയര്‍ന്നിട്ടില്ലാത്തതിനാല്‍ ഏതുതരം രോഗവും പടര്‍ന്നു പിടിക്കാവുന്ന അവസ്ഥയാണിന്ന് സംസ്ഥാനത്ത്. കൊവിഡ് 19നൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മഴക്കാല രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പതിവു പകര്‍ച്ചവ്യാധികളുടെ വ്യാപനം ആരോഗ്യമേഖലക്ക് ഇത്തവണ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തും.

ഡെങ്കിപ്പനിയാണ് കേരളീയര്‍ കൂടുതല്‍ ഭീതിയോടെ നോക്കിക്കാണുന്ന മഴക്കാല രോഗങ്ങളിലൊന്ന്. നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട് ഈ രോഗം മുന്‍ വര്‍ഷങ്ങളില്‍. വരയന്‍ കൊതുകുകളാണ് ഈ രോഗം പടര്‍ത്തുന്നത്. അമ്പതുകളില്‍ സഹ്യപര്‍വത നിരകളില്‍ മാത്രം കണ്ടുവന്നിരുന്ന വരയന്‍ കൊതുകുകള്‍ കാടുകള്‍ വന്‍തോതില്‍ നശിച്ചതോടെയാണ് ജനവാസ കേന്ദ്രങ്ങളിലെത്തിത്തുടങ്ങിയത്. ചെറിയൊരു വെള്ളക്കെട്ടു മതി ഈയിനം കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍. ഒരു കൊതുക് തന്നെ ഒന്നിടവിട്ട ദിവസങ്ങളിലായി 150 മുതല്‍ 200 വരെ മുട്ടയിടും. വരയന്‍ കൊതുകുകള്‍ തുടര്‍ച്ചയായും ഒരു ദിവസം തന്നെ ഒന്നിലേറെ ആളുകളെയും കടിക്കുമെന്നതിനാല്‍ കൊതുകുള്ള പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യതയേറെയാണ്.

വെള്ളത്തിലാണ് വരയന്‍ കൊതുകുകള്‍ മുട്ടയിടുന്നത്. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പലര്‍ത്തുകയാണ് ഇവയുടെ പെരുപ്പം തടയാനുള്ള വഴി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, വീടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് അടിയിലുള്ള ട്രേ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി നേരത്തേ പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യതയുണ്ട്. അവയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.

ചില്ലറക്കാരനല്ല എലിപ്പനിയും. എലിയുടെ മൂത്രത്തിലെ ബാക്ടീരിയയില്‍ നിന്ന് പകരുന്ന ഈ രോഗം എണ്‍പതുകളുടെ അവസാനത്തോടെയാണ് കേരളത്തില്‍ കണ്ടുതുടങ്ങിയത്. വ്യാപകമായത് തൊണ്ണൂറുകളുടെ അവസാനത്തോടെയും. പ്രകൃതിയിലെ ഒഴുക്ക് തടസ്സപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് വ്യാപനത്തിനു കാരണം. നേരത്തേ എലികളിലൂടെയാണ് ഈ രോഗം പകര്‍ന്നിരുന്നതെങ്കിലും ഇപ്പോള്‍ പശു, ആട്, നായ, അണ്ണാന്‍ എന്നിവയുടെ മൂത്രവിസര്‍ജ്യം വഴിയും രോഗബാധയുണ്ടാകുന്നു. ജലാശയങ്ങളില്‍ തള്ളുന്ന അറവുമാലിന്യങ്ങളിലും എലിപ്പനിയുടെ ബാക്ടീരിയയുണ്ടാകും. എലിപ്പനി ബാക്ടീരിയക്ക് സാധാരണ 20 ദിവസമേ ആയുസ്സുള്ളൂ എന്നാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും കേരളത്തിലെ ക്ഷാരഗുണമുള്ള മണ്ണില്‍ ഇവ മാസങ്ങളോളം അതിജീവിക്കുന്നു. മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.
മലമ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ ജ്വരം, എച്ച്1 എന്‍1, വൈറല്‍ പനി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, അലര്‍ജി, ചര്‍മത്തിനു പൂപ്പല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും മഴക്കാലത്ത് സാധ്യത ഏറെയാണ്.

ഈ വര്‍ഷം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും പ്രധാനപ്പെട്ട മറ്റു സര്‍ക്കാര്‍ ആശുപത്രികളുടെയും സിംഹഭാഗവും കൊറോണ ചികിത്സക്കായി മാറ്റിവെച്ചിരിക്കെ മഴക്കാല രോഗങ്ങളുള്‍പ്പെടെ മറ്റു രോഗചികിത്സക്കുള്ള സൗകര്യങ്ങള്‍ കുറവായിരിക്കുമെന്നതിനാല്‍ മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. മാലിന്യക്കൂമ്പാരങ്ങളും ശുചിത്വത്തിന്റെ അഭാവവുമാണ് പകര്‍ച്ചവ്യാധികളുടെ മുഖ്യകാരണം. വ്യക്തിശുചിത്വവും ഗൃഹശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കുകയും മാലിന്യ സംസ്‌കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ വലിയൊരളവോളം ഇവ പ്രതിരോധിക്കാനാകും. കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിനെ തുടര്‍ന്ന് സോപ്പോ മറ്റോ ഉപയോഗിച്ച് ഇടക്കിടെ കൈ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നതും പൊതുസ്ഥലത്ത് തുപ്പുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ പലരും ശീലിച്ചു തുടങ്ങിയിട്ടുണ്ട്.

കൊറോണ കാലത്ത് മാത്രമാക്കി ചുരുക്കാതെ ഇതെല്ലാം ജീവിത ശൈലിയാക്കി മാറ്റേണ്ടതുണ്ട്. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം ഒരു തരത്തിലും കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക, ജലസ്രോതസ്സ് മലിനമാകാതെ ശ്രദ്ധിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പാഴായ ഭക്ഷണങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളും പകര്‍ച്ച വ്യാധി വ്യാപനത്തെ തടയാന്‍ സഹായകമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധത്തിലാണ് ശ്രദ്ധിക്കേണ്ടത്. പൊതുശുചിത്വ വിഷയത്തില്‍ സര്‍ക്കാറിനു വിവിധ പദ്ധതികളുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊതുജന സഹകരണവും ജനകീയ ഇടപെടലുകളും അനിവാര്യമാണ്. ജനപങ്കാളിത്തമില്ലെങ്കില്‍ ശുചിത്വ യജ്ഞങ്ങള്‍ വിജയിക്കില്ലെന്നതാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. പൊതുശുചിത്വം തന്റെ കൂടി ആരോഗ്യത്തിനു വേണ്ടിയാണെന്ന ബോധം ഓരോ പൗരനും ഉണ്ടാകേണ്ടതുണ്ട്.

Latest