International
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ട്രംപ് കൊള്ളില്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്


ജോണ്‍ ബോള്‍ട്ടന്‍ ട്രംപിനൊപ്പം
വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ട്രംപിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു ബോള്‍ട്ടന്‍. പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാനുള്ള ശേഷി ട്രംപിനില്ലെന്നും ബോള്‍ട്ടന്‍ തുറന്നടിച്ചു. എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ടന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഒറ്റത്തവണ പ്രസിഡന്റ് ആണെന്ന് ചരിത്രം അദ്ദേഹത്തെ ഓര്‍മിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തവണ അദ്ദേഹത്തെ സഹിക്കേണ്ടതില്ല. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബിഡനോ വോട്ട് ചെയ്യില്ല. കണ്‍സര്‍വേറ്റീവ് റിപബ്ലിക്കനായിരിക്കും തന്റെ വോട്ടെന്നും ബോള്‍ട്ടന്‍ പറഞ്ഞു.
ട്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ “ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്” എന്ന തന്റെ പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് ബോള്‍ട്ടന്‍ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. ഒന്നര വര്‍ഷത്തോളം ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബോള്‍ട്ടനെ കഴിഞ്ഞ സെപ്തംബറിലാണ് ട്രംപ് പുറത്താക്കിയത്.