Connect with us

National

തെളിവില്ല; ഡൽഹി വംശഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്‌കൂൾ ഉടമക്ക് ജാമ്യം

Published

|

Last Updated

ന്യൂഡൽഹി | ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്‌കൂൾ ഉടമ ഫൈസൽ ഫാറൂഖിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രത്തിൽ പറഞ്ഞ കുറ്റങ്ങൾ ഇയാൾ ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല.

മാത്രമല്ല, കലാപവുമായി ബന്ധമുണ്ടെന്നു പറയുന്ന തീവ്രവാദഗ്രൂപ്പുമായോ അതിലെ അംഗങ്ങളുമായോ ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. കലാപമുണ്ടായ സമയത്ത് ഫൈസൽ സംഭവസ്ഥലത്തില്ലാതിരുന്നതും കോടതി നിരീക്ഷിച്ചു.

ശിവ് വിഹാറിൽ പ്രവർത്തിക്കുന്ന രാജധാനി പബ്ലിക് സ്‌കൂളിന്റെ ഉടമയായ ഫൈസൽ ഫാറൂഖ് സമീപത്തുള്ള മറ്റൊരു സ്‌കൂൾ കെട്ടിടത്തിന് തീ കൊളുത്താൻ ആളുകളോട് നിർദേശിച്ചെന്നായിരുന്നു കേസ്. രണ്ട് പാർക്കിംഗ് ഏരിയയും, കടയുമൊക്കെയുള്ള ഇവിടെയുമണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

കലാപകാരികൾ തന്റെ സ്‌കൂളിനെ അവരുടെ താവളമായി ഉപയോഗിച്ച സമയത്ത് താൻ അവിടെ ഇല്ലായിരുന്നുവെന്നും, അത് അറിഞ്ഞ ഉടൻ പോലീസിനെ വിവരമറിയിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ആ സമയത്ത് സ്‌കൂളിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മൂന്ന് ദിവസം അവർ ബന്ദിയാക്കി വെച്ചിരുന്നു. കൂടാതെ, സ്‌കൂളിന്റെ ടെറസ്സിൽ നിന്ന് കയർ കെട്ടി ചാടിയാണ് അവർ അടുത്തുള്ള സ്‌കൂളിൽ നിന്ന് കമ്പ്യൂട്ടർ പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ എടുത്ത ശേഷം തീയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഫൈസലിന് വംശഹത്യയുമായി നേരിട്ട് ബന്ധമുള്ള പോപുലർ ഫ്രണ്ട് പ്രവർത്തകരുമായും, തീവ്രവാദി ഗ്രൂപ്പുമായും, മറ്റ് മതനേതാക്കളുമായും ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. രാജധാനി സ്‌കൂളിനകത്ത് തമ്പടിച്ച കലാപകാരികൾ സ്‌കൂളിന്റെ ടെറസിൽ നിന്നാണ് വെടിയുതിർത്തത്. പെട്രോൾ ബോംബ്, ആസിഡ്, ഇഷ്ടിക, കല്ലുകൾ, മിസൈലുകൾ എന്നിവയും പ്രയോഗിച്ചിരുന്നു.

എന്നാൽ, കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളൊന്നും പ്രഥമദൃഷ്ട്യാ തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. സാക്ഷിമൊഴികളിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും, വളച്ചൊടിക്കാൻ ശ്രമിച്ചതായും വിലയിരുത്തിയ കോടതി ഫൈസൽ ഫാറൂഖിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Latest