Covid19
രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ 445 കൊവിഡ് മരണം

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് നിരക്ക് അപകടകരമായ രീതിയില്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പതിനാലായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 445 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് പുതിയ കേസുകളും മരണ നിരക്കും വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 425282 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 174387 പേരാണ് ഇപ്പോല്‍ ചികിത്സയിലുള്ളത്. 237196 പേര്‍ രോഗമുക്തി നേടി. രോഗം വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തി തേടുന്നവരുടേയും എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരാണ്.
ഇന്ത്യയിലെ രോഗികളില്‍ മഹാഭൂരിഭക്ഷവും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇതിനകം 132075 കേസുകളും 6170 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടയില്‍ മാത്രം സംസ്ഥാനത്ത് 186 മരണവും 3870 പുതിയ കേസുകളുമാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ ഭൂരിഭാഗവും മുംബൈയിലാണ്.
രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി രണ്ടാമതെത്തി. ഡല്‍ഹിയില്‍ 59746 കേസുകളും 2175 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോല്‍ തമിഴ്‌നാട്ടില്‍ 59337 കേസും 757 മരണവുമാണുണ്ടായത്. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 3000 കേസും 63 മരണവുമുണ്ടായി. എന്നാല്‍ തമിഴ്‌നാട്ടില്‍ 2532 കേസും 53 മരണവുമാണുണ്ടായത്. ഗുജറാത്തില്‍ 27260 കേസും 1663 മരണവും ഉത്തര്‍ പ്രദേശില്‍ 17731 കേസും 550 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ 349, ബംഗാളില്‍ 555, മധ്യപ്രദേശില്‍ 515 മരണങ്ങള്‍ ഇതിനകം ഉണ്ടായി.