National
അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്‌നാഥ് സംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ കര, നാവിക, വ്യോമ സേനാ തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. അതിര്‍ത്തിയില്‍ ചൈനക്കെതിരേ ഏത് നടപടിക്കും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ചൈനയുടെ ഭാഗത്ത് നിന്ന് എന്ത് തരത്തിലുള്ള പ്രകോപനം ഉണ്ടായാലും നേരിടാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം ഉണ്ട്. ഗല്‍വാന്‍ താഴ്വരയില്‍ 20 സൈനികരെ ചൈന കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയ ശേഷമാണ് നടപടി.
തന്ത്രപരമായ തലത്തില്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് എല്ലാ സ്വാതന്ത്യവും നല്‍കിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.