Connect with us

Gulf

ദുബൈയിൽ കൊവിഡിനെ കുറിച്ചറിയാൻ വെർച്വൽ സംവിധാനം

Published

|

Last Updated

ദുബൈ | കൊവിഡിനെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനും ആരോഗ്യ മന്ത്രാലയം വെർച്വൽ ഇൻഫർമേഷൻ സെന്റർ, വെർച്വൽ ഡോക്ടർ എന്നിവ ആരംഭിച്ചു. കൊവിഡ് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ, യു എ ഇ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കും.

സാധാരണ പനിയും ജലദോഷവുമേ ഉള്ളൂ എങ്കിലും കൊവിഡ് ആണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രികളിലേക്ക് ഓടുന്നവരുടെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. കൊവിഡ് ഇൻഫർമേഷൻ സെന്ററിൽ അഞ്ചു ഭാഷകളിൽ വിവരങ്ങളറിയാം. നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അറിയാനാണ് വെർച്വൽ ഡോക്ടർ സംവിധാനം. ഇതിനായി നിങ്ങളുടെ യാത്രാവിവരങ്ങൾ, ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കിയ ശേഷം ആവശ്യമെങ്കിൽ ഒരു യഥാർത്ഥ ഡോക്ടറുടെ നമ്പർ തരികയാണ് ചെയ്യുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണം, രോഗമുക്തി നേടിയവർ തുടങ്ങിയ വിവരങ്ങളും കേന്ദ്രത്തിൽ ലഭിക്കും. ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെട്ട് സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ളവർക്കും അവസരമുണ്ട്. ഇവിടെ നിങ്ങളുടെ വിവരങ്ങൾ നൽകിയശേഷം ഏതു മേഖലയിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് അറിയിക്കണം.