National
ഗല്‍വാനില്‍ 40 ലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി വി കെ സിങ്

ന്യൂഡല്‍ഹി | ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി കെ സിങ്. ഏറ്റുമുട്ടലില്‍ ചൈനയുടെ ഭാഗത്തുണ്ടായ ആള്‍നാശത്തെ കുറിച്ച് ഇതാദ്യമായാണ് മന്ത്രി സഭയിലെ ഒരും അംഗം വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി കെ സിങ് ചൈനയുടെ ആള്‍നാശത്തെ കുറിച്ച് പറഞ്ഞത്.
നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കില്‍ ചൈനക്ക് അതിന്റെ ഇരട്ടിയിലേറെ സൈനികരെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പോലും അംഗീകരിക്കാത്തവരാണ് ചൈനയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ചൈനയുടെ പിടിയിലായ 10 ഇന്ത്യന്‍ സൈനികരെ പിന്നീട് വിട്ടയച്ചിരുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലായിരുന്നെന്നും ഇവരെയും വിട്ടയച്ചുവെന്നും വി കെ സിങ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗല്‍വാന്‍ താഴ് വരിയില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്. കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയി ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല