National
തബ് ലീഗ് സമ്മേളനം : കരിമ്പട്ടികയില്‍ പെടുത്തിയതിനെതിരെ വിദേശികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | തബ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നാരോപിച്ച് കരിമ്പട്ടികയില്‍ പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഏഴ് വിദേശ പൗരന്മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോടതിയെ സമീപിച്ച ഏഴ് വിദേശികളില്‍ തായ്ലന്‍ഡില്‍ നിന്നുള്ള രണ്ട് പേരും കെനിയ, മാലി, മൊറോക്കോ, ടുണീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും.
10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന സര്‍ക്കാറിന്റെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍
സുപ്രീം കോടതിയില്‍ അവര്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്നും ഹരജിയിലുണ്ട്. ഏപ്രില്‍ രണ്ടിന് ആഭ്യന്തര മന്ത്രാലയം 960 വിദേശികളെ ഏകപക്ഷീയമായി കരിമ്പട്ടികയില്‍ പെടുത്തി. പിന്നീട് ജൂണ്‍ 4 ന് 2500 ഓളം വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണ്. അതിനാല്‍, ഇത് അസാധുവായതും ഭരണഘടനാ വിരുദ്ധവുമാണ് .ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹരജിയില്‍ തുടര്‍ന്ന് പറയുന്നു.
മാര്‍ച്ചില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ 2500 ഓളം വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയതായി ഈ മാസം ആദ്യമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഡല്‍ഹിയില് നിസാമുദ്ദീന്‍ പ്രദേശത്ത് നടന്ന സമ്മേളനം വലിയ തോതില്‍ കൊവിഡ് രോഗത്തിന് കാരണമാക്കിയെന്നാണ് സര്‍ക്കാര്‍ ആരോപണം