Gulf
വീരയോദ്ധാക്കളുടെ പ്രദർശനം ജൂലൈ ഒന്ന് മുതൽ

അബുദാബി | ഫുറുസ്സിയ്യ ദി ആർട് ഓഫ് ഷിവൽറി ബിറ്റ്‌വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന, മധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്‌കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്ന അശ്വാരൂഢരായ വീരയോദ്ധാക്കളെക്കുറിച്ചുള്ള, പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ജൂലൈ ഒന്ന് മുതൽ ഒക്ടോബർ 18 വരെ നടക്കും. ഫെബ്രുവരി 19 മുതൽ മെയ് 30 വരെ നടക്കേണ്ടിയിരുന്ന പ്രദർശനം, കൊവിഡ് -19 വ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തിവെക്കുകയായിരുന്നു.
ചക്രവർത്തിമാരും രാജാക്കന്മാരും പ്രഭുക്കളും പോരാളികളും അടങ്ങുന്ന ഒരു വലിയ സമൂഹം വലിയ യുദ്ധങ്ങളിലൂടെയും, സാഹസികമായ പോരാട്ടങ്ങളിലൂടേയും, പിടിച്ചടക്കലുകളിലൂടെയും രചിച്ച ചരിത്രങ്ങളിലേക്കും ആ കാലഘട്ടത്തിലെ ജീവിതത്തിലേക്കുമുള്ള കാഴ്ചകളുടെയും അറിവുകളുടെയും ഒരു വാതിൽ തുറക്കുകയാണ് എക്‌സിബിഷൻ.
കലാസൃഷ്ടികളിലൂടെയും അപൂർവമായ കൈയെഴുത്ത് പ്രതികളിലൂടെയും പ്രബന്ധങ്ങളിലൂടെയും ആയുധങ്ങളിലൂടെയും പോരാളികളുടെ യുദ്ധമുന്നണിയിലെ വേഷവിധാനങ്ങളിലൂടെയും ഒരു കാലഘട്ടത്തിലെ വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളെ പ്രദർശനം സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു.