Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് പരീക്ഷാ നടത്തിപ്പ് മാതൃകയാകും

Published

|

Last Updated

കോഴിക്കോട് | വരാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൊവിഡ് കാലത്ത് നടത്തിയ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ മാതൃകയാകും. പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ വിദഗ്ധരുമായി ആശയ വിനിമയം ആരംഭിച്ചു.

കൊവിഡ് ഭീതി നിലനിൽക്കുകയാണെങ്കിലും ഒക്ടോബർ മധ്യത്തോടെ സംസ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതി. നവംബർ 12നുള്ളിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്ന രൂപത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കാനാണ് ആലോചിക്കുന്നത്.

പ്രത്യേക കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തീ രാജ് നിയമത്തിലും കേരള മുനിസിപ്പൽ നിയമത്തിലും ഭേദഗതി വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവേശിക്കുകയാണ്.

സാമൂഹിക അകലം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പോളിംഗിന് സമയം കൂട്ടേണ്ടി വരും. പോളിംഗ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ നടത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
നിയമ ഭേദഗതി പാസ്സാക്കാൻ നിലവിലെ സാഹചര്യത്തിൽ നിയമസഭ സമ്മേളിക്കാൻ പ്രയാസമാണ്. അതിനാൽ ഇതുസംബന്ധിച്ച ഓഡിനൻസ് സർക്കാർ കൊണ്ടുവരാനാണ് സാധ്യത.

നവംബർ 12നുള്ളിൽ പുതിയ തദ്ദേശ ഭരണ സമിതികൾ നിലവിൽ വരണമെന്ന കാര്യത്തിൽ സർക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ഏകാഭിപ്രായത്തിലായതിനാൽ ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നടപ്പാക്കുന്ന പരിഷ്‌കാരം സംബന്ധിച്ച ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്നതോടെ കമ്മീഷൻ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.

രോഗ വ്യാപനത്തെ കുറിച്ച് ഭീതിയില്ലാതെ ശാസ്ത്രീയമായി തിരിഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് കൊവിഡ് കാലത്ത് നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളെ മാതൃകയാക്കാനാണ് കമ്മീഷൻ ആഗ്രഹിക്കുന്നത്. പരീക്ഷാ നടത്തിപ്പിന് ക്ലാസ് മുറി ഒരുക്കിയത് മുതൽ കുട്ടികളെ പ്രവേശിപ്പിച്ചതും മറ്റും ശാസ്ത്രീയവും ഫലപ്രദവുമായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനവും പൊതു സമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയുമെല്ലാം മാതൃകാപരമായിരുന്നുവെന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്.

ശാരീരിക അകലം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടപടിക്രമം തയ്യാറാക്കുന്നതിന് മുമ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായും ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഒക്ടോബർ മധ്യത്തോടെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന വിശ്വാസത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു കഴിഞ്ഞു. മുൻകാലങ്ങളിലേത് പോലുള്ള പ്രചാരണ പരിപാടികൾ ഫലം കാണില്ല എന്നതിനാൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്കാണ് എല്ലാ പാർട്ടികളും പദ്ധതി തയ്യാറാക്കുന്നത്. വീടുകയറൽ, കുടുംബ യോഗങ്ങൾ, പ്രകടനം, പൊതുയോഗം, സ്ഥാനാർഥി പര്യടനങ്ങൾ തുടങ്ങിയ പ്രചാരണ പരിപാടികൾ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രിക്കപ്പെടുമെന്നതിനാലാണ് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ ഏറെ പ്രാധാന്യം നൽകുക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്