Kerala
മലപ്പുറത്ത് മാതാവും ഒന്നര വയസ്സുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം | തിരുനാവായ കൊടക്കല്ലില്‍ കഴിഞ്ഞ ദിവസം രാത്രി കാണാതായ യുവതിയേയും ഒന്നര വയസ്സുള്ള മകളേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കല്‍ ബന്തര്‍കടവില്‍ താമസിക്കുന്ന പാടത്തേ പീടിയേക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), ഒന്നര വയസുള്ള മകള്‍ സഫ്ന ഫതൂന്‍ എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി ഇവരെ കാണാതായതായി വീട്ടുകാര്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പുലര്‍ച്ചെ വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് ഇവരുടെ ചെരിപ്പ് കണ്ടത്. തുടര്‍ന്ന് കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരില്‍നിന്നുള്ള അഗ്‌നിരക്ഷാ സേന എത്തിയാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.