National
മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള നിര്‍ണായക തിരഞ്ഞെടുപ്പ് ഇന്ന്

ഭോപാല്‍ | മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബി ജെ പി ഭരണം പിടിച്ചതിന് ശേഷമുള്ള നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പ് ഇന്ന്. മൂന്ന് രാജ്യസഭ സീറ്റിലേക്കാണ് അങ്കം. മൂന്ന് സീറ്റിലേക്കും രണ്ട് വീതം സ്ഥാനര്‍ഥികളെ ബി ജെ പിയും കോണ്‍ഗ്രസും രംഗത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ ജയിപ്പിച്ച് എടുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ബി ജെ പിയും കോണ്‍ഗ്രസും നടത്തിയത്. എം എല്‍ എമാരുടെ വിവിധ യോഗങ്ങള്‍ കോണ്‍ഗ്രസും ബി ജെ പിയും ഇതിനകം നടത്തിയിട്ടുണ്ട്.
മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്, ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈയ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍നിന്നും കൂറുമാറി എത്തിയ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് ബി ജെ പിയുടെ സ്ഥാാര്‍ഥികള്‍.
കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്തി സിന്ധ്യക്കൊപ്പം പോയ പല എം എല്‍ എമാരിലും അതൃപ്തി പുകയുന്നതായാണ് റിപ്പോര്‍ട്ട്. പലരും തിരിച്ചുവരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും ദിഗ് വിജയ സിംഗും പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ വിയോജിപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ സംശയങ്ങളുണ്ട്.
230 അംഗങ്ങളുള്ള നിയമസഭയില്‍ 107 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്. ബി എസ് പിയുടെ രണ്ട് പേരും എസ് പിയുടെ ഒരാളും രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണക്കുന്നുണ്ട്.
കോണ്‍ഗ്രസിന് 92 എം എല്‍ എമാരാണ് ഉള്ളത്. കോണ്‍ഗ്രസില്‍നിന്നുള്ള 24 എം എല്‍ എമാര്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ 206 അംഗബലമാണ് നിയമസഭക്ക് നിലവിലുള്ളത്. 54 എം എല്‍ എമാരോട് ദിഗ് വിജയ സിംഗിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 52 വോട്ടുകളാണ് ഒരു സീറ്റ് വിജയിക്കാന്‍ വേണ്ടത്.