Connect with us

Malappuram

കോഴിക്കോട് നിന്ന് വാഴക്കാട് വഴി പുതിയ ദേശീയ പാത

Published

|

Last Updated

കോഴിക്കോട് | നിലവിലുള്ള കോഴിക്കോട്- പാലക്കാട് ദേശീയ പാതക്ക് ബദലായി വാഴക്കാട് വഴി നിർമിക്കാൻ ലക്ഷ്യമിടുന്ന പുതിയ ദേശീയപാത അലൈൻമെന്റ് ഉടനെ ജനപ്രതിനിധികൾക്ക് ചർച്ചക്കായി ലഭിക്കും.
തിരക്കുപിടിച്ച നഗരങ്ങളെയും പരമാവധി ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് പുതിയ ദേശീയ പാത വരുന്നതെങ്കിലും നിരവധി വീടുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും ഇതിനായി ഒഴിപ്പിക്കേണ്ടിവരും. ഇതിനാൽ വിപുലമായ ചർച്ചകൾ നടത്തി പൊതുസമ്മതം ആർജിച്ച ശേഷമായിരിക്കും പാത യാഥാർഥ്യമാകുക.

കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയിലാണ് പുതിയ ദേശീയ പാത നിർമിക്കുന്നത്. സാധ്യതാ പഠനം നടത്താൻ ചുമതലപ്പെടുത്തിയ കൺസൽട്ടൻസി സ്ഥാപനം തയ്യാറാക്കിയ അലൈൻമെന്റ്കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലാ കലക്്ടർമാർക്ക് ഉടനെ ലഭ്യമാക്കും. ജില്ലാ കലക്്ടർമാർ റവന്യു അധികൃതരുമായും ദേശീയ പാതാ ലാൻഡ് അക്വിസിഷൻ വിഭാഗവുമായും ഔദ്യോഗിക ചർച്ച നടത്തും. തുടർന്ന് മൂന്ന് ജില്ലകളിലെയും എം പിമാർ, എം എൽ എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെല്ലാം ചർച്ച നടത്തിയ ശേഷം സംസ്ഥാന സർക്കാറിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ദേശീയ പാതാ അതോറിറ്റി അലൈൻമെന്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. പുതിയ ദേശീയ പാത സംബന്ധിച്ച് ജില്ലാ അധികൃതർക്ക് ഇതുവരെയും ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്്ടർ അനിതാ കുമാരി പറഞ്ഞു.

എൻ എച്ച് 213 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട്- പാലക്കാട് ദേശീയ പാത പിന്നീട് എൻ എച്ച് 966 എന്ന് പേര് മാറ്റിയിരുന്നു. പാലക്കാട് എൻ എച്ച് 544ലും കോഴിക്കോട് എൻ എച്ച് 66ലും ബന്ധപ്പെട്ടു കിടക്കുന്ന 121 കിലോമീറ്റർ ദേശീയ പാത തിരക്കുപിടിച്ച നഗരങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങൾക്കും കാരണമാകുന്നത് സാധാരണമാണ്. പല ഭാഗത്തും റോഡ് വികസനം സാധ്യമാകാത്ത വിധം പ്രതിബന്ധങ്ങളും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ദേശീയ പാത എന്ന ആശയം ഉയർന്നത്. മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി പോലുള്ള വലിയ നഗരങ്ങളെ ഒഴിവാക്കിയാണ് പുതിയ നാല് വരി ഗ്രീൻ ഫീൽഡ് പാത വരുന്നത്.

പാലക്കാട് മുണ്ടൂർ, കല്ലടിക്കോട്, തെൻകര വഴി മലപ്പുറം ജില്ലയിൽ എത്തുന്ന പാത തുവ്വൂർ, കാരക്കുന്ന്, ചെമ്രക്കാട്ടൂർ, വാഴക്കാട് വഴിയാണ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ പ്രവേശിക്കുക. 123 കിലോമീറ്ററാണ് ദൈർഘ്യം. പുതിയ പാത വരുന്നതോടെ നിലവിലെ പാതക്ക് ദേശീയ പാതാ പദവി നഷ്ടപ്പെടുമെന്നാണ് അറിയുന്നത്.