Covid19
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി| കൊറോണവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ രഥയാത്രയും അനുബന്ധ പ്രവർത്തനങ്ങളും സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ മാസം 23 നാണ് രഥയാത്ര നിശ്ചയിച്ചിരുന്നത്. രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ഒഡീഷ വികാസ് പരിഷത്ത് എന്ന എൻ ജി ഒ നൽകിയ ഹരജിയിലാണ് ഉത്തരവ്.
രഥയാത്രയിൽ രഥം വലിക്കുന്നത് പ്രധാനപ്പെട്ട ചടങ്ങാണ്. ഇതിനിടെ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇത് കൊവിഡ് മാനദണ്ഡങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിനും പൗരന്മാരുടെ സുരക്ഷക്കും വേണ്ടി രഥയാത്രയും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. രഥയാത്രയോട് അനുബന്ധിച്ച് 20 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണുള്ളത്.
അതേസമയം പൊതുജനങ്ങൾ ഒത്തുചേരാതെ ആചാരാനുഷ്ഠാനങ്ങൾ അനുവദിച്ചുകൊണ്ട് കുറച്ച് ഇളവ് അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് അഭ്യർഥിച്ചു. എന്നാൽ മതപരമായ പ്രവർത്തനങ്ങൾ അനുവദിച്ചാൽ ഒത്തുചേരൽ നടക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായിട്ടറിയാമെന്നും ജഗന്നാഥൻ ഞങ്ങളോട് ക്ഷമിക്കുമെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
പുരി രഥയാത്രയുടെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന രഥയാത്രകളും തടയാൻ സുപ്രീം കോടതി ഒഡീഷ സർക്കാറിനോട് നിർദേശിച്ചു. കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് മാർച്ച് 22 മുതൽ പുരിയിലെ ജഗന്നാഥ ക്ഷേത്രം ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളും ഭക്തരുടെ പ്രവേശനം തടഞ്ഞിരുന്നു.