Uae
ജീവനക്കാർക്ക് ശാരീരിക-മാനസിക ബലം നൽകി ദിവ

ദുബൈ | തങ്ങളുടെ ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. നടപടികളിൽ തുടർച്ചയായ അണുനശീകരണവും ഉൾപെടുന്നു. അണുനാശിനി, ഹാൻഡ് സാനിറ്റൈസർ, ഫെയ്‌സ്മാസ്‌ക്, കയ്യുറകൾ എന്നിവ നൽകുന്നു. പ്രവേശന കവാടങ്ങളിൽ താപ ക്യാമറകളുണ്ട്.
തിരക്ക് പരിമിതപ്പെടുത്തുന്നതിന് അനുഗുണമായ ജോലി സമയം നടപ്പിലാക്കുന്നുണ്ട്. സുരക്ഷിതമായ അകലം നിലനിർത്തുന്നതിന് വ്യത്യസ്ത എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ഏർപെടുത്തി. കൂടാതെ ഏതെങ്കിലും ജീവനക്കാർ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ സമ്പർക്ക നിരോധത്തിന് പ്രത്യേക മുറികൾ അനുവദിക്കുകയും ചെയ്യുന്നു. കൂടാതെ, ദിവയുടെ സൂപ്പർവൈസർമാർക്കും എഞ്ചിനീയർമാർക്കും അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകളുണ്ട്. സൈറ്റുകളിലെ തൊഴിലാളികൾ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ എന്നിവരെ പ്രത്യേക പരിശോധനക്ക് വിധേയമാക്കുന്നു.
ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദിവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ജോലിയിൽ തിരിച്ചെത്തുന്ന ജീവനക്കാരുടെ മാനസിക ക്ഷേമത്തെ പിന്തുണക്കുന്നതിനും അവരുടെ സുരക്ഷാ ബോധം വർധിപ്പിക്കുന്നതിനും സ്‌പെഷ്യലിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സഹകരണത്തോടെ ദിവ ജീവനക്കാർക്ക് ഒരു സഹായ രേഖ നൽകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.