National
90 ശതമാനം വായ്പക്കാരും മൊറട്ടോറിയം ഉപയോഗിച്ചിട്ടില്ലെന്ന് എസ് ബി ഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി| ബേങ്ക് വായ്പയെടുത്ത 90 ശതമാനം പേരും ലോക്ഡൗണിനെ തുടര്‍ന്ന് ആഗസ്റ്റ് 31 വരെ നല്‍കിയ മൊറട്ടോറിയം ആനുകൂല്യം ഇതുവരെ ഉപയോഗപ്പടുത്തിയിട്ടില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ എസ് ബി ഐ സുപ്രിംകോടതിയെ അറിയിച്ചു.
മൊറട്ടോറിയം കാലയളവില്‍ അടക്കാതിരിക്കുന്ന ഇ എം ഐയുടെ പലിശ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ എസ് ബി ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ 90 ശതമാനം പേരും മൊറോട്ടോറിയം പ്രയോജനപ്പെടുത്തയില്ലെന്നും അവര്‍ ഇ എം ഐ കൃത്യമയി അടച്ചുവെന്നും മുകുള്‍ റോഹ്തഗി വ്യക്തമാക്കി. ഇ എം ഐകളിലെ പലിശ വായ്പക്കാരനില്‍ നിന്ന് ഈടാക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് നിക്ഷേപകരുടെ പണത്തിന് പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, മൊറോട്ടോറിയം കാലയളവില്‍ മാറ്റിവെക്കുന്ന ഇ എം ഐയുടെ പലിശ എഴുതി തള്ളാന്‍ ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് ഇ എം ഐയുടെ പലിശക്ക് കൂട്ടുപലിശ അടക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും ധനകാര്യ മന്ത്രാലയത്തോടും റിസര്‍വ് ബാങ്കിനോടും കോടതി ആരാഞ്ഞു.
മൊറട്ടോറിയം എന്നാല്‍ പലിശയോ കൂട്ടുപലിശയോ എഴുതിത്തള്ളുക എന്ന് അര്‍ഥമില്ലെന്നും ഇ എം ഐ വൈകിയതിന്റെ പേരില്‍ വായ്പക്കാരില്‍ നിന്ന് പിഴ ഈടാക്കേണ്ടതില്ലെന്ന് തിരുമാനിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ ബോധിപ്പിച്ചു.
ലോക്ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന വായ്പക്കാരെ സഹായിക്കാന്‍ കേന്ദ്രം താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ബഞ്ച് ഇതിനോട് പ്രതികരിച്ചത്.
എല്ലാം ബാങ്കുകള്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് ഈ വിഷയത്തില്‍ കൈ കഴുകാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ല. ആയിരക്കണക്കിന് കോടി രൂപയുടെ വീഴ്ച സംഭവിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജുകളുമായി വരുന്നുണ്ട്. പക്ഷേ കൂട്ടുപലിശ സംബന്ധിച്ച നിസ്സാര വിഷയം വരുമ്പോള്‍ ബേങ്കുകളെയും സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന വാദമുയര്‍ത്തുകയാണ് നിങ്ങള്‍ (കേന്ദ്രം) ചെയ്യുന്നത്.
ലോക്ഡൗണ്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ നമുക്ക് അറിയാം. മൊറട്ടോറിയം കൊണ്ട് വായ്പയെടുത്തവന് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ പിന്നെ അതിന്റെ ലക്ഷ്യം എന്താണെന്നും ബെഞ്ച് ചോദിച്ചു.