Kerala
പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്: മുരളീധരന് നിലപാട് മാറ്റത്തിനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | പ്രവാസികളുടെ കൊവിഡ് പരിശോധന സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരരുത് എന്ന് മാര്‍ച്ച് 11ന് പറഞ്ഞ മുരളീധരന് ഇപ്പോള്‍ നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിനെതിരെ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ പ്രചാരണങ്ങളുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടിയുണ്ട്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച് 11ന് പറഞ്ഞത് രോഗമുള്ളവരും ഇല്ലാത്തവരും ഓരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം. അതത് രാജ്യത്ത് പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെ ചികിത്സിക്കുകയുമാണ് നല്ലതെന്നാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അതില്‍ നിന്ന് മാറി. കേരളം അത്തരമൊരു നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും നാട്ടിലേക്ക് എത്തിക്കാന്‍ തടസമില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ രോഗമുള്ളവര്‍ അവരുടെ ആരോഗ്യം സമ്മതിക്കുന്നെങ്കില്‍ പ്രത്യേകം കൊണ്ടുവരാന്‍ സൗകര്യമൊരുക്കിയാല്‍ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കും, ചികിത്സ ഉറപ്പാക്കും. രോഗമുള്ളവര്‍ അവിടെ തുടരട്ടെ എന്ന് കേരളം ഒരിക്കലും പറഞ്ഞിട്ടില്ല.
എല്ലാ ആളുകളെയും വിമാനത്തില്‍ കയറും മുന്‍പ് ടെസ്റ്റിന് വിധേയരാക്കും. ഇതിന് ശേഷമേ വിമാനത്തില്‍ കയറ്റൂ എന്ന് പറഞ്ഞയാളാണ്, കേരളം ടെസ്റ്റിന് വേണ്ടി വാദിക്കുന്നത് മഹാപാതകം ആണെന്ന് പറയുന്നത്. എന്തുകൊണ്ട് നിലപാട് മാറ്റി എന്ന് അദേഹം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു