National
ചൈനക്ക് കനത്ത തിരിച്ചടിയേറ്റു; 35 സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ചൈനക്കും കനത്ത നാശം ഉണ്ടായതായി റിപ്പോര്‍ട്ട്. 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങളുടേയും മറ്റും അടിസ്ഥാനത്തിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. 43 ചൈനീസ് സൈനികര്‍ക്ക് മരണമോ, പരുക്കോ സംഭവിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാര്യമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഗാല്‍വന്‍ വാലിയിലെ ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടുവെന്ന് അല്‍പ്പം മുമ്പ് എ എന്‍ ഐയും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിരീകരിച്ച റിപ്പോര്‍ട്ടാണിതെന്നാണ് എ എന്‍ ഐ പറയുന്നത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ വരെ താഴ്‌വരയില്‍ ചൈന ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയതായാണ് വിവരം. പരുക്കേറ്റവരേയും മരിച്ചവരേയും ഹെലികോപ്ടര്‍ ഉപയോഗിച്ച് ബീജിംഗിലേക്ക് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പൊതുവെ യുദ്ധമുഖത്തും മറ്റും തങ്ങളുടെ സൈന്യത്തെ സംബന്ധിച്ച ഒരു വിവരവും ചൈന നടത്താറില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനക്ക് ആളപായം ഉണ്ടായതായി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ചൈന നിര്‍ബന്ധിതരായിരിക്കുകയാണ്. സൈനികര്‍ക്കുണ്ടായ നാശനഷ്ടം സംബ്ധിച്ച് ഒരു കാര്യം പറഞ്ഞ് അതിര്‍ത്തിയില്‍ വീണ്ടും ഒരു സംഘര്‍ഷം ഉണ്ടാക്കാനില്ലെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. എന്നാല്‍ നാശനഷ്ടം കൂടിയതുകൊണ്ടാണെന്ന് ചൈന മൗനം പാലിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവരുടെ മൗനത്തില്‍ മറ്റ് ദുരൂഹതകളുണ്ടാകാമെന്നും നയതന്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
അതിനിടെ അതിര്‍ത്തിയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയെന്ന് ഇന്നലെ രാത്രി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിതി സങ്കീര്‍ണമായി ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സൈിനക വിന്യാസം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വിവിധ സൈനിക വിഭാഗങ്ങളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.