National
ചൈന നടത്തിയത് സമാനതകളില്ലാത്ത ക്രൂര ആക്രമണം

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയത് സമാനതകളില്ലാത്ത ക്രൂര ആക്രമണം. 600 ഓളം വരുന്ന ചൈനീസ് സേന എ്ണ്ണത്തില്‍ കുറവായ ഇന്ത്യന്‍ സേനക്ക് നേരെ പതിങ്ങിയിരുന്ന ആക്രമണം നടത്തുകയായിരുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയുള്ള കൊടുംതണുപ്പില്‍ ഏറ്റുമുട്ടല്‍ നടന്നത് മൂന്ന് മണിക്കൂറിലേറെയാണ്.
സേനാപിന്മാറ്റം നടക്കുന്നതിനിടെ എതിര്‍വശത്തെ ഉയര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ചര്‍ച്ചക്ക് വേണ്ടിയാണ് കേണല്‍ സന്തോഷ് കുമാറും ഹവീല്‍ദാര്‍ കെ പളനിയും സിപ്പോയ് കുന്തന്‍കുമാര്‍ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിനുശേഷം മടങ്ങുന്നതിനിടെ ഇവര്‍ക്ക് വഴിതെറ്റി. ഇതേവഴിക്കുവന്ന മറ്റൊരു ചൈനീസ് പട്രോള്‍ സംഘം ഇവരെ തടഞ്ഞു. ഈ തര്‍ക്കത്തിനിടെ കേണലിന് തലക്കടിയേറ്റു. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ ചേര്‍ന്ന് കേണലിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരെയും ചൈനീസ് സംഘം ആക്രമിച്ചു. ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ഇത് ദൂരെനിന്നുകണ്ട ഇന്ത്യന്‍സേന അവിടേക്ക് പാഞ്ഞെത്തി. ചൈനീസ് സംഘവുമായി സംഘര്‍ഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതോടെ യഥാര്‍ഥ നിയന്ത്രണരേഖക്ക് അപ്പുറത്തുനിന്ന് വലിയസംഘം ചൈനീസ് സേന ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘര്‍ഷമാണ് അവിടെ നടന്നത്. ഇന്ത്യന്‍ സൈന്യത്തിനുനേരെ കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈനികരും തിരിച്ചടിച്ചു. ഇന്ത്യന്‍ സൈനികരില്‍ പലരെയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരുടെ മേലേക്ക് വലിയ കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു. കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ അവിടേക്കുവരുകയും കടുത്ത ചെറുത്തുനില്‍പ്പ് നടത്തുകയും ചെയ്തു. ഇതോടെ ചൈനീസ് ഭാഗത്തും വലിയതോതില്‍ ആള്‍നാശമുണ്ടായി. നിരവധി ഇന്ത്യന്‍ സൈിനകരെ ചൈന കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടുകിട്ടയതായാണ് റിപ്പോര്‍ട്ട്.