National
ലോക മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ 43ാം സ്ഥാനത്ത് തന്നെ

ന്യൂഡല്‍ഹി | അന്താരാഷ്ട്ര ബിസിനസ്സ് സ്‌കൂള്‍ ആയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റി(ഐ എം ഡി)ന്റെ ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ 43ാം സ്ഥാനത്ത് തുടരുന്നു. മോശം അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന്റെ അപര്യാപ്തത തുടങ്ങിയ പരമ്പരാഗത ദൗര്‍ബല്യങ്ങള്‍ കാരണമാണ് ഇന്ത്യയുടെ റാങ്കിംഗ് താഴെ നിലയില്‍ തന്നെ തുടരാന്‍ കാരണമായത്.
ഐ എം ഡിയുടെ സൂചികയില്‍ ഒരുവേള 41ാം റാങ്കായിരുന്നു ഇന്ത്യക്ക്. എന്നാല്‍, 2017ല്‍ 45ാം റാങ്കിലേക്ക് കൂപ്പുകുത്തി. 2018ല്‍ 44ഉം 2019ല്‍ 43ഉം റാങ്കായിരുന്നു. ദീര്‍ഘകാല തൊഴില്‍ വളര്‍ച്ച, കറന്റ് അക്കൗണ്ട് ബാലന്‍സ്, ഹൈ ടെക് കയറ്റുമതി, വിദേശ നാണ്യ നിക്ഷേപം, വിദ്യാഭ്യാസ മേഖലയിലെ പൊതു ചെലവഴിക്കല്‍, രാഷ്ട്രീയ സ്ഥിരത, മൊത്തം ഉത്പാദനക്ഷമത തുടങ്ങിയ മേഖലയില്‍ ഈ വര്‍ഷം പുരോഗതി നേടിയിട്ടുണ്ട്.
സൂചികയില്‍ സിംഗപ്പൂര്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് വന്നു. കഴിഞ്ഞ വര്‍ഷം എട്ടാമതായിരുന്ന ഡെന്മാര്‍ക് രണ്ടാം സ്ഥാനത്തേക്കെത്തി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹോംഗ്‌കോംഗ് അഞ്ചാം സ്ഥാനത്തേക്ക് വീണു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക പത്താം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 63 രാജ്യങ്ങളാണ് സൂചികയില്‍ ഉള്‍പ്പെട്ടത്.