Covid19
ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

വെല്ലിംഗ്ടൺ| കൊവിഡ് മുക്തമായെന്ന് പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. യു കെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ഏഴിന് ദോഹ, ബ്രിസ്ബൻ വഴിയെത്തിയ രണ്ട് യുവതികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ ഓക്‌ലാൻഡിലെ ആശുപത്രിയിൽ ക്വാറന്റൈനിലാണ്. എട്ടിനാണ് രാജ്യം രോഗമുക്തമായതായി പ്രധാനമന്ത്രി ജെസിന്താ അർഡേൻ പ്രഖ്യാപിച്ചത്. എന്നാൽ യുദ്ധം നടക്കാത്തപ്പോൾ അത് അവസാനിച്ചെന്ന് ന്യൂസിലാൻഡുകാർ വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക -സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. എന്നാൽ അതിർത്തികൾ അടക്കുകയും വിദേശ നിന്നെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് കൂടുതൽ പേർ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
50 അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ ഇതുവരെ 1,506 വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 21 പേർക്ക് ജീവൻ നഷ്ടമായി. ഫെബ്രുവരി 28നാണ് ഇവിടെ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രോഗ വ്യാപനം ഫലപ്രദമായി ചെറുക്കാനായിരുന്നു.