Covid19
ബി എം സിയുടെ പിടിപ്പുകേട് ; മുംബൈയിൽ രേഖകളിലില്ലാതെ കൊവിഡ് ബാധിച്ച് മരിച്ചത് 451 പേർ

മുംബൈ| കൊറോണവൈറസ് ബാധിതരായി മരിച്ച 451 പേരുടെ വിവരങ്ങൾ ബ്രിഹാൻ മുനിസിപ്പൽ കോർപ്പറേഷൻ രേഖപ്പെടുത്തിയിട്ടില്ലെന്ന സംസ്ഥാന സർക്കാറിന്‌റെ വിവരണ ശേഖരണ റിപ്പോർട്ട് പുറത്ത്. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ ബി എം സിയോട് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പുറത്തുവിട്ട തെളിവുകളിൽ വൈറസ് ബാധിച്ച് മരിച്ച 451 പേരിൽ മൂന്ന് പേർ അസ്വഭാവിക കാരണങ്ങൾ മൂലമാണ് മരിച്ചതെന്നും (ആത്മഹത്യ അല്ലെങ്കിൽ അപകടം) മറ്റ് 20 പേരുകൾ ഒന്നിൽ കൂടുതൽ തവണ രേഖപ്പെടുത്തിയതായും ബി എം സി സർക്കാറിനോട് പറഞ്ഞു. 57 പേരുടെ മരണം കഴിഞ്ഞ ഒരാഴ്ചക്കിടെ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) പോർട്ടലിലെ കൊവിഡ് 19 കണക്കുകൾ സംസ്ഥാന സർക്കാറിന്‌റെ കണക്കുകളുമായി ഒത്തുനോക്കാനുള്ള ശ്രമത്തിനിടെയാണ് പൊരുത്തക്കേട് കണ്ടെത്തിയതനെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന ഈ ശ്രമം ഈ മാസം ആറിനാണ് അവസാനിച്ചത്. ഓരോ കേസും വ്യക്തമായി വിശകലനം ചെയ്ത് ശരിയായ വിവരങ്ങൾ പരിഷ്‌കരിച്ചു. തുടർന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി കണക്കുകൾ വൈരുദ്ധ്യമുണ്ടെന്ന് പത്താം തീയതി ഓരോ ജില്ലയെയും അറിയിക്കുകയും 15ന് അഞ്ച് മണിക്കുള്ളിൽ ശരിയായ വിവരങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ വിവരശേഖരണത്തിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ കർശന നടപടി ശേഖരിക്കുമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ മുംബൈയിൽ 59,293 വൈറസ് കേസുകളും 2,250 മരണങ്ങളുമുണ്ട്. ഇതിൽ കൊവിഡ് ബാധിതരായ എട്ട് പേർ മറ്റ് ചില അസുഖങ്ങളാൽ മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംസ്ഥാനത്താകെ 1.10 ലക്ഷം കേസുകളും 4,128 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടുത്തെ മരണനിരക്ക് നിലവിൽ 3.7 ശതമാനം ആണ്. ഇത് ദേശീയ ശരാശരിയായ 2.8 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഇത് ഇനി 4.5 ശതമാനം ആയി ഉയരും.
അതേസമയം, മുംബൈയിൽ റിപ്പോർട്ട് ചെയ്യാത്ത മരണങ്ങളിൽ ആശങ്ക ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതിയിട്ടുണ്ട്. ആശുപത്രികളിലുടനീളം 500ഓളം കൊവിഡ് മരണങ്ങൾ ഉണ്ടായെങ്കിലും ഇത് ഇതുവരെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്ക് അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.