Connect with us

Kerala

സക്കീര്‍ ഹുസൈനെ സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി

Published

|

Last Updated

കൊച്ചി |   സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ വി എ സക്കീര്‍ ഹുസൈനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അടക്കം നിരവധി അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ആരോപണ വിധേയനായ സക്കീര്‍ ഹുസൈനെ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്  നീക്കാന്‍ തീരുമാനിച്ചത്.

കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെതിരെ കളമശ്ശേരിയില്‍ നിന്നുള്ള സി പി എം നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സി പി എം ജില്ലാ നേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടത്. സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും സാമ്പത്തിക ക്രമക്കേടുകളിലൂടെയാണ് ഈ സ്വത്ത് സമ്പാദിച്ചതെന്നും ചൂണ്ടികാട്ടിയായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. രണ്ട് വീടുകളുണ്ടെന്നും ഭാര്യക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയതെന്നുമായിരുന്നു സക്കീര്‍ നല്‍കിയ വിശദീകരണം.

സക്കീര്‍ ഹുസൈന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ദിനേശ് മണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സക്കീറിനെതിരെ നടപടിക്ക് കമ്മീഷന്‍ ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് നടപടി സ്വീകരിച്ചത്. ദിനേശ് മണിക്ക് പുറമെ പി ആര്‍ മുരളിയും അന്വേഷണ കമ്മീഷനിലുണ്ടായിരുന്നു.

 

Latest