Connect with us

National

മുംബൈയിൽ അവശ്യ സർവീസിനായി സബർബൻ ട്രെയിനുകൾ ഇന്ന് ഓട്ടം തുടങ്ങും

Published

|

Last Updated

മുംബൈ | അവശ്യസർവീസുകളിലിരിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സബർബൻ ട്രയിൻ സർവീസ് ഇന്ന് പുനഃരാരംഭിക്കും.

വെസ്റ്റേൺ റെയിൽവേയുടെ 12 ബോഗികളുള്ള 60 ട്രയിനുകളാണ് സർവീസ് നടത്തുക. രാവിലെ 5.30 മുതൽ രാത്രി 11.30 വരെ 15 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ചർച്ച് ഗേറ്റിനും ദഹാൻ റോഡിനും ഇടയിലെ സർവീസുകളായിരിക്കും കൂടുതൽ.

സെൻട്രൽ റെയിൽവേയുടെ 200 സർവീസുകളുണ്ടാകും. 130 എണ്ണം കാസറ, കർജാത്ത്, കല്യാൺ, താനെ എന്നീ സ്ഥലങ്ങളിൽക്കൂടിയും ബാക്കി 70 പൻവേൽ മേഖലകളിലേക്കും ആയിരിക്കും. പ്രധാന സ്റ്റേഷനുകളിൽ മാത്രമേ നിർത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ 1.25 ലക്ഷം ജീവനക്കാർ ഈ സർവീസുകൾ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുറെയിൽവേ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. പുനഃരാംരഭിക്കുന്ന ട്രെയിൻ സർവീസുകൾ സർക്കാർ ജീവനക്കാർക്ക് മാത്രമാണെന്നും, പൊതുജനങ്ങൾ മറ്റ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.