National
വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ്; അന്വേഷണത്തിന് സുപ്രീം കോടതി സ്‌റ്റേയില്ല, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞു

ന്യൂഡല്‍ഹി | കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഫയല്‍ ചെയ്ത രാജ്യദ്രോഹക്കേസിലെ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ജൂലൈ ആറിനു പരിഗണിക്കുന്നതു വരെ ദുവയുടെ അറസ്റ്റ് നീട്ടിവെക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എം ശന്തനഗൗഢര്‍, വിനീത് സരണ്‍ എന്നിവര്‍ ബഞ്ചില്‍ അംഗങ്ങളാണ്. ദുവയുടെ ഹരജിയില്‍ പ്രതികരണമാരാഞ്ഞ് കേന്ദ്ര സര്‍ക്കാറിനും ഹിമാചല്‍ പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് പരമോന്നത കോടതി ദുവയോട് ആവശ്യപ്പെട്ടു. 24 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കി പോലീസിന് ദുവയെ അദ്ദേഹത്തിന്റെ വസതിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതിയും പോലീസ് നല്‍കി.
ദേശീയാടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെയും അത് നടപ്പിലാക്കിയ രീതിയെയും വിമര്‍ശിച്ച് മാര്‍ച്ച് 30ന് ദുവ പ്രസിദ്ധീകരിച്ച വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. യുക്തിക്കു നിര്‍ക്കാത്ത ഇത്തരമൊരു കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ദുവയുടെ അഭിഭാഷകന്‍ വികാസ് സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ പി സി) രാജ്യദ്രോഹം (124 എ), പൊതു ശല്യം (268), അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍ (501), കുഴപ്പമുണ്ടാക്കാനുള്ള ശ്രമം (505) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദുവക്കെതിരെ കേസെടുത്തിട്ടുള്ളത്. ബി ജെ പി നേതാവ് അജയ് ശര്‍മയാണ് ദുവക്കെതിരെ കേസ് ഫയല്‍ ചെയ്തത്.